ഇരിക്കൂറില്‍ കന്നുകാലി ശല്യം രൂക്ഷം; പൊറുതിമുട്ടി വ്യാപാരികള്‍

ഇരിക്കൂര്‍: ഇരിക്കൂറില്‍ കന്നുകാലി ശല്യം രൂക്ഷമായതോടെ വ്യാപാരികളും കാല്‍നടയാത്രക്കാരും പൊറുതിമുട്ടുന്നു. പ്രദേശത്തെ കന്നുകാലികളെ ഉടമസ്ഥര്‍ തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന സമ്പ്രദായം കുറവാണ്. അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കൃഷികള്‍ നശിപ്പിക്കുന്നതും കടവരാന്തകളില്‍ താവളമടിച്ച് മലമൂത്ര വിസര്‍ജനം നടത്തി വൃത്തികേടാക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.
കൃഷി നശിപ്പിക്കുകയും പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ വൃത്തികേടാക്കുകയും ചെയ്യുന്ന കന്നുകാലികളെപിടികൂടി പഞ്ചായത്തില്‍ എത്തിച്ചാല്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും പരാതിയുണ്ട്.കന്നുകാലികളെ സംരക്ഷിക്കാനോ നടപടി സ്വീകരിക്കാനോ ഇരിക്കൂറില്‍ പഞ്ചായത്ത് ആലയോ സൗകര്യങ്ങളോ ഇല്ലാത്തതാണ് അധികൃതരെയും കുഴക്കുന്നത്. അതിനാല്‍ പിടികൂടുന്നവര്‍ പുലിവാല് പിടിക്കുകയാണ്. പല സ്ഥാപനങ്ങളും രാവിലെ തുറക്കുമ്പോള്‍ മലിനമാക്കിയിരിക്കും. ബസ് സ്റ്റാന്റുകളില്‍ ചാണകം പരന്നു നിറഞ്ഞിരിക്കും.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമില്ല.കന്നുകാലികള്‍ക്കും ഉടമകള്‍ക്കുമെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി പൊതുജന സമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കു നിവേദനം നല്‍കുകയും ചെയ്തു. കെ അബ്ദുല്‍ ഗഫൂര്‍ ഹാജി, സുജിത്, ഉനൈസ്, നിധീഷ്, രാജേഷ്, സുധീര്‍, അഫ്‌സല്‍, ജുനൈദ് ,കണ്ണന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top