ഇരിക്കൂറില്‍ അദാലത്ത്: 150ഓളം ഫയലുകള്‍ തീര്‍പ്പാക്കി

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ വന്‍ ജനപങ്കാളിത്തം. പൊതുജനങ്ങള്‍ക്ക് സേവനം എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ അദാലത്തില്‍ 150ഓളം ഫയലുകള്‍ തീര്‍പ്പാക്കി.
ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീറിന്റെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ അദാലത്തില്‍ പങ്കെടുത്തു.
സാമൂഹിക പെന്‍ഷനുമായി ബന്ധപ്പെട്ട് 100ഓളം ഫയലുകളാണ് ഇന്നലെ നടന്ന അദാലത്തില്‍ പരിഗണിച്ചത്. കെട്ടിട നിര്‍മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് 27 ഫയലുകളും ലൈസന്‍സുമായി ബന്ധപ്പെട്ട് 30 ഫയലുകളും അദാലത്തില്‍ പരിഗണിച്ചു. ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫയലുകളും അദാലത്തില്‍ പരിഗണിച്ചു.
രാവിലെ 10.30 ഓടെ ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ചുവരെ നീണ്ടുനിന്നു. നിലവില്‍ പഞ്ചായത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ പരാതിക്കാര്‍ വന്ന മുഴുവന്‍ ഫയലുകളും പരിഗണച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എം പ്രദീപ്കുമാര്‍, അസി. സെക്രട്ടറി വി മുരളീധരന്‍ പിള്ള, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top