ഇരിക്കൂര്‍ സിഎച്ച്‌സി കിടത്തി ചികില്‍സാ ബ്ലോക്ക് തകര്‍ച്ചയില്‍

ഇരിക്കൂര്‍: മലയോര മേഖലയിലെ ഏറ്റവും പഴക്കമള്ളതും പതിനായിരങ്ങളുടെ ആശ്രയവുമായ ഇരിക്കൂര്‍ ഗവ. സിഎച്ച്‌സി ശോച്യാവസ്ഥയില്‍. കാലവര്‍ഷത്തില്‍ ചോര്‍ന്നൊലിക്കുന്ന കിടത്തി ചികില്‍സാ ബ്ലോക്കിലെ ചുമരുകളില്‍ വൈദ്യുതി ഷോക്കും അനുഭവപ്പെടുന്നുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള ഐപി കെട്ടിടത്തില്‍ കാലപ്പഴക്കത്തില്‍ പലപ്പോഴായി വന്‍തോതിലുള്ള അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ചോര്‍ച്ച തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കിടത്തി ചികില്‍സാ ബ്ലോക്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 30 കട്ടിലുകളും കിടക്കകളുമാണുള്ളത്. ആവശ്യത്തിന് ശൗച്യാലയങ്ങളുമുണ്ട്. ഇതില്‍ തന്നെയാണ് നഴ്‌സിങ് സ്‌റ്റേഷനും വിശ്രമമുറി, ഇസിജി, അറ്റന്റേഴ്‌സ് മുറി തുടങ്ങിയവയുമെല്ലാം സജീകരിച്ചിട്ടുള്ളത്. കൂടാതെ വരാന്തയുമുണ്ട്. 30 രോഗികള്‍ക്കു മാത്രമേ ഇവിടെ കിടക്കാന്‍ സൗകര്യമുള്ളുവെങ്കിലും മഴക്കാലങ്ങളില്‍ 50ലേറെ രോഗികളെ അഡ്മിറ്റ് ചെയ്യാറുണ്ട്.
എന്നാല്‍, ശക്തമായ മഴയില്‍ ഐപി ബ്ലോക്കിലേക്കുള്ള കവാടത്തിലെ വെള്ളം ചോര്‍ന്നൊലിക്കുകയാണ്. ചുവരുകളെല്ലാം നനഞ്ഞു കുതിരും. 50 വര്‍ഷത്തോളം പഴക്കമുള്ളതും ദ്രവിച്ചതുമായ വയറിങ് കാരണമാണ് ഷോക്കുണ്ടാവുന്നത്. ജീവനക്കാരും രോഗികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പലപ്പോഴായി വൈദ്യുതി ഷോക്കേറ്റിട്ടുണ്ട്. കെട്ടിടം ഒന്നാകെ അപകടാവസ്ഥയിലായിട്ടും അധികൃതര്‍ കാര്യക്ഷമമായ നടപടികളൊന്നുമെടുത്തിട്ടില്ല.
ഇരിക്കൂര്‍ സിഎച്ച്‌സിക്കു സംസ്ഥാന ഹൈവേയ്ക്കടുത്ത് ഒരേക്കര്‍ സ്ഥലമുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് 1982 മുതല്‍ തുടര്‍ച്ചയായി എംഎല്‍എയായ കെ സി ജോസഫ് കഴിഞ്ഞ തവണ മന്ത്രിയായിട്ടും കിടത്തി ചികില്‍സാ ബ്ലോക്കിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കണ്ടിട്ടില്ല. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. മാത്രമല്ല, നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും താമസിക്കാനും വിശ്രമിക്കാനും പ്രത്യേകം ക്വാര്‍ട്ടേഴ്‌സുകളും വേണമെന്നും ആവശ്യമുയരുന്നുണ്ട്.

RELATED STORIES

Share it
Top