ഇരിക്കൂര്‍ പഞ്ചായത്ത് പൊതുശ്മശാനം യാഥാര്‍ഥ്യമാവുന്നു

ഇരിക്കൂര്‍: 15 വര്‍ഷം മുമ്പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ട ഇരിക്കൂര്‍ പഞ്ചായത്തിലെ പൊതു ശ്മശാനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. 2009 ലെ പഞ്ചായത്ത് ഭരണസമിതി കാലത്ത് പ്രസിഡണ്ടായിരുന്ന സി രാജീവന്റെ നേതൃത്യത്തിലായിരുന്നു ഇരിക്കുറില്‍ ഒരു പൊതു ശ്മശാനം നിര്‍മിക്കണമെന്നാവശ്യത്തിനാവശ്യമായ പ്രവര്‍ത്തനം തുടങ്ങിയത്.
അന്ന് കുളിഞ്ഞയിലെ പട്ടയം മൂലയില്‍ ഇരുപത്തഞ്ച് സെന്റ് സ്ഥലം കണ്ടെത്തി സ്ഥലമെടുക്കാനുള്ള നടപടി ആരംഭിക്കുകയും പദ്ധതിക്കായി ഒരു ലക്ഷം രൂപ വകയിരുത്തുകയും ചെയ്‌തെങ്കിലും നിലയ്ക്കുകയായിരുന്നു. 2015ല്‍ നിലവില്‍ വന്ന കെ ടി നസീറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി താല്‍പര്യമെടുത്താണ് പൊതു ശ്മശാന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയത്. ശുചിത്വ മിഷന്റെ 22 ലക്ഷം രൂപ ലഭിക്കുകയും പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത് പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു.
ജൂലൈ 20ന് പൊതു ശ്മശാനം നാട്ടുകാര്‍ക്കു സമര്‍പ്പിക്കാനാണ് തീരുമാനം. നിലവില്‍ സമീപ പഞ്ചായത്തുകളായ പടിയൂരിലും കൂടാളിയുമെല്ലാം പൊതു ശ്മശാനമുണ്ടെങ്കിലും ഇരിക്കൂര്‍ പഞ്ചായത്തില്‍ പൊതുശ്്മശാനമില്ലാത്തതിനാല്‍ പയ്യാമ്പലത്താണ് സംസ്‌കരിക്കുന്നത്.

RELATED STORIES

Share it
Top