ഇരിക്കൂര്‍പാലം നവീകരണത്തിനു പദ്ധതി; പ്രവൃത്തി അടുത്തമാസം തുടങ്ങും

ഇരിക്കൂര്‍: അരനൂറ്റാണ്ട് പഴക്കമുള്ളതും മലയോര മേഖലയിലെ വലുതുമായ ഇരിക്കൂര്‍ പാലം നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. കാലപ്പഴക്കത്തില്‍ പാലത്തിന്റെ ഉപരിതലത്തിലെ കോണ്‍ക്രീറ്റുകള്‍ ഇളകി കുഴികളായും കഷ്ണങ്ങളായും വിള്ളല്‍ രൂപപ്പെട്ട നിലയിലുമാണ്. കൈവരികള്‍ മിക്ക സ്ഥലങ്ങളിലും തകര്‍ന്നിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തായിരിക്കുകയാണ്.
കാലവര്‍ഷത്തിന്‍ ആയിപ്പുഴ മരമില്ല് മേഖലകളില്‍ നിന്നൊഴുകിയെത്തുന്ന മഴവെള്ളം മുഴുവന്‍ പാലത്തില്‍ നിറയുകയാണു പതിവ്. പാലത്തിന്റെ സൈഡിലുള്ള വെള്ളം ഒഴുകിപ്പോവേണ്ട ദ്വാരങ്ങള്‍ അടഞ്ഞതോടെ മാലിന്യവും മണ്ണും ചളിയും കൊണ്ട് നിറയുകയാണ്. പാലം നവീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യും. കെട്ടിക്കിടക്കുന്ന ചളിവെള്ളം പൂര്‍ണമായും ഒഴുക്കിക്കളയും. പല ഭാഗത്തും മുളച്ചുപൊങ്ങിയ കുറ്റിച്ചെടികളും ഉടന്‍ മാറ്റിത്തുടങ്ങും.
രണ്ടാംഘട്ടത്തില്‍ പാലത്തിന്റെ മുകള്‍ തട്ടിലെ ടാറിങ് നടത്തും. രണ്ടു പാളികളായി നടത്തുന്ന ടാറിങിന്റെ അടിഭാഗം കോണ്‍ക്രീറ്റുമായി ചേരുന്ന ഭാഗത്ത് ഷീറ്റുകള്‍ വിരിച്ച് ബലപ്പെടുത്തും. അതിനു മുകളിലായി സാധാരണ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ചെയ്യും. കാലവര്‍ഷം തീരുന്നതിനു മുമ്പ് തന്നെ മഴയുടെ ഇടവേളയില്‍ പാലത്തിന്റെ നവീകരണം നടത്താനാണു തീരുമാനം. വളപട്ടണം പാലം നവീകരിച്ച അതേ രീതിയില്‍ തന്നെയാണ് ഇരിക്കൂര്‍ പാലവും നവീകരിക്കുക. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ദേവേശന്‍, അസി. എന്‍ജിനീയര്‍ ബാലകൃഷ്ണന്‍ എന്നവരുടെ നേതൃത്വത്തില്‍ പാലം പരിശോധിച്ചു.

RELATED STORIES

Share it
Top