ഇരയെ അപമാനിക്കാനുള്ള സഭാനീക്കത്തിനെതിരേ പ്രത്യക്ഷ സമരവുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ; പി സി ജോര്‍ജിനെതിരേ ഒപ്പുശേഖരണം നടത്തി സ്പീക്കര്‍ക്ക് സമര്‍പ്പിക്കും

കൊച്ചി: ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയെ വീണ്ടും സഭ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രത്യക്ഷ സമരവുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേയും സമരം നടത്തിയ മറ്റ് കന്യാസ്ത്രീകള്‍ക്കെതിരേയും തെറ്റിദ്ധാരണ പരത്തി വിശ്വാസികളെ തിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതായി എസ്ഒഎസ് ഭാരവാഹികള്‍ ആരോപിച്ചു.
ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എസ്ഒഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന സ്ത്രീസംഗമം ആശങ്ക രേഖപ്പെടുത്തി. ഈ ഘട്ടത്തിലാണ് പ്രതിഷേധ സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ കന്യാസ്ത്രീകളെ തന്നെ മുന്‍നിര്‍ത്തി പ്രക്ഷോഭം ആരംഭിക്കുന്നതെന്നും സ്ത്രീകൂട്ടായ്മ വ്യക്തമാക്കി. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എസ്ഒഎസ് സംഘടിപ്പിച്ച സ്ത്രീസംഗമ വേദിയിലാണ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചത്. മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും കന്യാസ്ത്രീ കളെ മോശക്കാരാക്കി നിരന്തരം പ്രസ്താവന നടത്തുന്ന പി സി ജോര്‍ജിനെ ഉപരോധിക്കാനും എസ്ഒഎസ് തീരുമാനിച്ചു. ജോര്‍ജിനെ പോലുള്ള നിയമസഭാംഗങ്ങള്‍ പരസ്യമായി സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കാ ന്‍ സ്പീക്കറും സര്‍ക്കാരും ഇടപെടണമെന്നും എസ്ഒഎസ് ആവശ്യപ്പെട്ടു. പി സി ജോര്‍ജിനെതിരേ കുറ്റപത്രം തയ്യാറാക്കി സംസ്ഥാനവ്യാപകമായി ഒപ്പുശേഖരണം നടത്തി നിയമസഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിനു പുറമേ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സദസ്സുകളും പ്രതിഷേധ ധര്‍ണകളും സംഘടിപ്പിക്കും. ബിഷപ്പിനെ മഹത്വവല്‍ ക്കരിച്ച് കേസ് അട്ടിമറിക്കാന്‍ സഭാനേതൃത്വം ഇടപെടുകയാണെങ്കില്‍ വീണ്ടും കന്യാസ്ത്രീകളെ തെരുവിലിറക്കി സമരം ചെയ്യാനും എസ്ഒഎസ് തീരുമാനിച്ചു.
ക്രിസ്തീയ സഭകളെയും ക്ഷേത്രങ്ങളെയുമൊക്കെ നയിക്കുന്നത് സവര്‍ണ വരേണ്യ ബോധമാണെന്ന് സമരപ്രഖ്യാപന വേദിയില്‍ എഴുത്തുകാരി പ്രഫ. സാറാ ജോസഫ് പറഞ്ഞു. സവര്‍ണ വരേണ്യബോധം ആത്യന്തികമായി സ്ത്രീവിരുദ്ധവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എതിരെയുമാണ്. സ്ത്രീകളുടെ സംഘടിത ശക്തിക്കു മാത്രമേ ഈ ബോധത്തെ മറികടക്കാന്‍ കഴിയൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കന്യാസ്ത്രീക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. പ്രതി ശിക്ഷിക്കപ്പെടുന്നതുവരെ കരുതല്‍ ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ നീതിക്കു വേണ്ടി നടത്തുന്ന സമരങ്ങള്‍ അന്തിമഘട്ടത്തില്‍ അട്ടിമറിക്കപ്പെടുന്നതാണ് സമീപകാല ചരിത്രമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ അജിത പറഞ്ഞു. എസ്ഒഎസ് കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, കെ കെ രമ, പ്രഫ. പി ഗീത, കെ വി ഭദ്രകുമാരി, പ്രഫ. കുസുമം ജോസഫ്, സിസ്റ്റര്‍ ടീന സംസാരിച്ചു.

RELATED STORIES

Share it
Top