ഇരയുടെ പിതാവിനെ കൊന്ന സംഭവം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയും സംഘവും കൂട്ടബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചാണ് അതുലും സംഘവും പോലിസ് കസ്റ്റഡിയിലായിരുന്ന ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയത്.
ബിജെപി എംഎല്‍എയുടെ സഹോദരനും സംഘപരിവാര പ്രവര്‍ത്തകനുമായ ജയ്ദീപ് സിങ് എന്ന അതുല്‍ സിങ് സെന്‍ഗറിനു പുറമേ വിനീത് മിശ്ര എന്ന വിനയ് മിശ്ര, ബീരേന്ദ്ര സിങ്, രാം ശരണ്‍ സിങ് എന്ന സോനു, ശശി പ്രതാപ് സിങ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കെ്ഷന്‍ 302 (കൊലപാതകം), സെക്ഷന്‍ 506 (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 147 (കലാപമുണ്ടാക്കല്‍), സെക്ഷന്‍ 148 (ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ഉന്നാവോയിലെ സരായി തോക് മാഖിയില്‍ താമസക്കാരായ എല്ലാ പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ബിജെപി എംഎല്‍എ അടക്കം മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top