ഇരയാവാതിരിക്കാന്‍ കരുതല്‍ വേണം:മുജാഹിദ് സംസ്ഥാന സമ്മേളനം

സലഫി നഗര്‍(കൂരിയാട്): മുത്ത്വലാഖ്’പോലുള്ള വിഷയങ്ങള്‍ വഴി ഏക സിവില്‍ കോഡിന് വേണ്ടി വാശിപിടിക്കുന്നവരുടെ ചൂണ്ടയിലെ ഇരയായി മാറാതിരിക്കാന്‍ കരുതല്‍ വേണമെന്ന് വേങ്ങര കൂരിയാട് നടക്കുന്ന 9ാം മുജാഹിദ് സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശം റദ്ദുചെയ്ത് വൈവിധ്യങ്ങള്‍ തകര്‍ത്ത് ഏകശിലാസംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ഏകസിവില്‍ കോഡിനെതിരേ സാംസ്‌കാരിക സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. മതവും നിറവും നോക്കി യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുന്നത് ഹീനമായ നടപടിയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാക്കുന്ന വര്‍ഗീയ ഭ്രാന്ത് ഭീരുത്വമാണ്. പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരേ വിവേചന നടപടികള്‍ സ്വീകരിക്കുന്നതിനെ സമ്മേളനം അപലപിച്ചു. ഇന്ത്യയിലെ ദളിത് ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയിലൂടെയാണു കടന്നുപോവുന്നതെന്നും ഇതിനു പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എം ജി എസ് നാരായണന്‍, ഡോ. സുല്‍ഫിക്കര്‍ അലി, സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ തന്‍വീര്‍, കെ കെ രാമകൃഷ്ണന്‍, പി സുരേന്ദ്രന്‍, കെ പി രാമനുണ്ണി, പി ഹംസ സുല്ലമി സംസാരിച്ചു.

RELATED STORIES

Share it
Top