ഇരട്ട സെഞ്ച്വറിയുമായി ഫഖര്‍ സമാന്‍; ഓപണിങില്‍ റെക്കോഡ് കൂട്ടുകെട്ട്ബുലാവായോ: സിബാംബ്‌വെയ്‌ക്കെതിരേ നാലാം ഏകദിനത്തില്‍ പാകിസ്താന്റ ഫഖര്‍ സമാന് ഇരട്ട സെഞ്ച്വറി (210*). തുടക്കം മുതല്‍ തകര്‍ത്തടിച്ച ഫഖര്‍ 156 പന്തുകള്‍ നേരിട്ട് 24 ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടയാണ് അപരാജിത ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. ഫഖറിനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്ത് ഇമാം ഉല്‍ ഹഖും (113) സെഞ്ച്വറി നേടി തിളങ്ങിയതോടെ ഓപണിങ് വിക്കറ്റിലെ ലോക റെക്കോഡും ഈ കൂട്ടുകെട്ടിനൊപ്പം നിന്നു. ആദ്യ വിക്കറ്റില്‍ 304 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഇതോടെ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുല്‍ തരംഗയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 286 റണ്‍സിന്റെ ഓപണിങ് കൂട്ടുകെട്ടാണ് പഴങ്കഥയായത്. കൂടാതെ പാകിസ്താന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ എന്ന ബഹുമതിയും ഫഖര്‍ സമാന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തു. 1997ല്‍ സയീദ് അന്‍വര്‍ നേടിയ 194 റണ്‍സിന്റെ റെക്കോഡാണ് ഫഖറിന് മുന്നില്‍ തകര്‍ന്നത്.
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ താരമാണ് ഫഖര്‍. മുമ്പ് ഇന്ത്യയുടെ രോഹിത് ശര്‍മ ( മൂന്ന് തവണ), സചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളത്.
ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് പാകിസ്താന്‍ അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ സിംബാബ്‌വെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്.

RELATED STORIES

Share it
Top