ഇരട്ട സഹോദരങ്ങള്‍ പുഴയില്‍ മുങ്ങിമരിച്ചുവടകര: കുറ്റിയാടിപ്പുഴയുടെ ഭാഗമായ തിരുവള്ളൂര്‍ നിടുമ്പ്രമണ്ണ ശാന്തിനഗര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു. തിരുവള്ളൂര്‍ പുതിയോട്ടില്‍ ശശി-സുമ ദമ്പതികളുടെ ഇരട്ടക്കുട്ടികളായ സന്‍മയ (13), വിസ്മയ (13) എന്നിവരാണു മരിച്ചത്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. കാലത്ത് 11 മണിയോടെ മാതൃസഹോദരി അലക്കാന്‍ പുഴക്കടവിലേക്ക് പോവുമ്പോള്‍ കുട്ടികളും കൂടെ പോവുകയായിരുന്നു. ഇവരറിയാതെയാണ് കുട്ടികള്‍ പുഴയിലിറങ്ങിയത്. അല്‍പസമയത്തിനകം ഒഴുക്കില്‍പ്പെട്ട് മുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ സ്ത്രീ ബഹളംവച്ചെങ്കിലും പരിസരപ്രദേശങ്ങളില്‍ ആളില്ലാതിരുന്നതു കാരണം രക്ഷാപ്രവര്‍ത്തനം വൈകി. ബഹളം കേട്ട് പുഴയുടെ അക്കരെയുള്ളവര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴേക്കും അര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഒരാള്‍ സംഭവസ്ഥലത്തു വച്ചും മറ്റേയാള്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ശശിയും കുടുംബവും നിടുമ്പ്രമണ്ണയിലെ ഭാര്യാവീടിന് സമീപം വാടകയ്ക്കാണ് താമസം.  വടകര പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

RELATED STORIES

Share it
Top