ഇരട്ട ചങ്കോടെ ലുക്കാക്കു; പാനമയെ വീഴ്ത്തി ബെല്‍ജിയം


സോച്ചി: ഗ്രൂപ്പ് ജിയിലെ ആവേശ പോരാട്ടത്തില്‍ പാനമയെ തകര്‍ത്ത് ബെല്‍ജിയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ്  പാനമയെ ബെല്‍ജിയം നാണം കെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റോമലു ലുക്കാക്കു ഇരട്ട ഗോളുകളുമായി ബെല്‍ജിയത്തെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡ്രൈസ് മെര്‍ട്ടെന്‍സും ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ബെല്‍ജിയം മൂന്ന് ഗോളുകളും അടിച്ചെടുത്തത്.
സൂപ്പര്‍ താരങ്ങളായ ഈഡന്‍ ഹസാര്‍ഡ്, റോമലു ലുക്കാക്കു, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവരെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 3-4-3 ഫോര്‍മാറ്റില്‍ ബെല്‍ജിയം ബൂട്ടുകെട്ടിയപ്പോള്‍ 4-1-4-1 ഫോര്‍മാറ്റിലായിരുന്നു പാനമ തന്ത്രം മെനഞ്ഞത്. ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്റെ കളിക്കരുത്തിനെ ശക്തമായ പ്രതിരോധം തീര്‍ത്ത് പനാമ പൂട്ടിയിട്ടു. ആദ്യ പകുതിയില്‍ മാത്രം ഒമ്പത് തവണ ബെല്‍ജിയം ഗോള്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച ബെല്‍ജിയം 47ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ഇടത് വശത്ത് നിന്ന് ഡ്രൈസ് മെര്‍ട്ടെന്‍സ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പനാമയുടെ വല തുളയ്ക്കുകയായിരുന്നു. പിന്നീട് റോമലു ലുക്കാക്കുവിലൂടെ ബെല്‍ജിയം അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിന്റെ അളന്നുമുറിച്ച ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലുക്കാക്കു വലയിലെത്തിക്കുകയായിരുന്നു. ബെല്‍ജിയം 2-0ന് മുന്നില്‍. ലീഡെടുത്തതോടെ നിരന്തരം പാനമ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ച ബെല്‍ജിയം താരങ്ങള്‍ 75ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഇത്തവണ ഈഡന്‍ ഹസാര്‍ഡ് അസിസ്റ്റ് നല്‍കിയപ്പോള്‍ ലക്ഷ്യം പിഴക്കാതെ ലുക്കാക്കു പന്ത് വലയിലാക്കി. ബെല്‍ജിയം 3-0ന് മുന്നില്‍
പിന്നീടുള്ള സമയത്ത്് പാനമ താരങ്ങള്‍ നനഞ്ഞ പടക്കമായതോടെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം ബെല്‍ജിയത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ മൂന്ന് പോയിന്റും ബെല്‍ജിയം സ്വന്തമാക്കി.

RELATED STORIES

Share it
Top