ഇരട്ട ചങ്കോടെ ഛേത്രി; കെനിയയേയും തകര്‍ത്ത് ഇന്ത്യ


മുംബൈ: ഹീറോ ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെനിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. സുനില്‍ ഛേത്രി ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്ന് നയിച്ച മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ പുലിക്കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഇന്ത്യ മൂന്ന് ഗോളും അടിച്ചെടുത്തത്. 66ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 71ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലു ഇന്ത്യന്‍ ലീഡ് ഉയര്‍ത്തി. പിന്നീട് ഇഞ്ചുറി ടൈമില്‍ ഛേത്രിയുടെ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം ഇന്ത്യക്കൊപ്പം നിന്നു.
ഇന്നത്തെ രണ്ട് ഗോള്‍ നേടത്തോടെ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മല്‍സരത്തോടെ 59 ഗോളുകളുമായി സ്‌പെയിന്‍ താരം ഡേവിഡ് വിയ്യക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയായിരുന്ന ഛേത്രി ഇന്നത്തെ ഇരട്ട ഗോളുകളോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

RELATED STORIES

Share it
Top