ഇരട്ട ചങ്കോടെ കവാനി; പോര്‍ച്ചുഗലിനെ തകര്‍ത്ത് ഉറുഗ്വേ ക്വാര്‍ട്ടറില്‍


സോച്ചി: ലയണല്‍ മെസ്സിയുിടെ അര്‍ജന്റീന പുറത്തുപോയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വേ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ് കളിച്ച എഡിന്‍സണ്‍ കവാനിയും ശക്തരായ ഉറുഗ്വേയുടെ പ്രതിരോധവുമാണ് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തത്.
എഡിന്‍സണ്‍ കവാനിയിലൂടെ ഉറുഗ്വേയാണ് ആദ്യം വലകുലുക്കിയത്. ലൂയിസ് സുവാരസിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെയാണ് കവാനി വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഉറുഗ്വേ ലീഡ് നിലനിര്‍ത്തിയപ്പോള്‍ 55ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ഗോള്‍മടക്കി. റാഫേല്‍ ഗ്യുറെയ്‌റോ ബോക്‌സിലേക്ക് നല്‍കിയ ക്രോസിനെ ഹെഡ്ഡറിലൂടെ പെപ്പെ വലകുലുക്കുകയായിരുന്നു. എന്നാല്‍ 62ാം മിനിറ്റില്‍ കവാനിയിലൂടെ വീണ്ടും ഉറുഗ്വേ ലീഡെടുത്തു. ബോക്‌സിനുള്ളിലേക്ക് ബെന്റാന്‍ക്യൂന്‍ നല്‍കിയ പാസിനെ മിന്നല്‍ ഷോട്ടിലൂടെ കവാനി വലയിലെത്തിക്കുകയായിരുന്നു.  പിന്നീടുള്ള സമയത്ത് ഉറുഗ്വേയുടെ പ്രതിരോധകോട്ട തകര്‍ക്കാന്‍ പോര്‍ച്ചുഗലിന് സാധിക്കാതെ വന്നതോടെ 2-1ന്റെ തോല്‍വിയോടെ പോര്‍ച്ചുഗല്‍ പുറത്തുപോയപ്പോള്‍ ജയത്തോടെ ഉറുഗ്വേ ക്വാര്‍ട്ടറിലേക്ക്  മുന്നേറി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഉറുഗ്വേയുടെ എതിരാളികള്‍.

RELATED STORIES

Share it
Top