ഇരട്ടിത്തുക ചെലവിട്ട റോഡില്‍ പൊതുമരാമത്ത് അറിയാതെ കരാറുകാരന്‍ കുഴിയടച്ചു

എരുമേലി: അഴിമതി ഉണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാന പാതയില്‍ മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാറുകാരന്‍ കുഴിയടയ്ക്കല്‍ ജോലികള്‍ നടത്തിയെന്ന് ആക്ഷേപം. 13.5 കോടി രൂപാ ചെലവിട്ട് പുനര്‍ നിര്‍മിച്ച എരുമേലി പ്ലാച്ചേരി റോഡിലാണ് മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഹെവി മെയിന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി കരാറുകാരന്‍ കുഴിയടയ്ക്കല്‍ ജോലികള്‍ നടത്തിയത്.
എരുമേലി ടൗണ്‍ മുതല്‍ കരിമ്പിന്‍തോട് ഭാഗം വരെ പണികള്‍ പൂര്‍ത്തിയായി. 7.02 കോടി രൂപാ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി ലഭിച്ച ഈ റോഡില്‍ പിന്നീട് എസ്റ്റിമേറ്റ് വര്‍ധിപ്പിച്ച് 13.5 കോടി രൂപയാക്കി പുനര്‍നിര്‍മാണം നടത്തിയത് സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. 4463 കിലോ ബിറ്റുമിന്‍ എമന്‍സണ്‍ ടാറിങിന് ഉപയോഗിക്കാതെ കരാറുകാരന്‍ മറിച്ചുവിറ്റെന്നും പണികള്‍ പൂര്‍ത്തിയാക്കാതെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയെന്നുമാണ് വിജിലന്‍സ് അന്വേഷണത്തിലുള്ള പരാതി. അഞ്ച് വര്‍ഷ കാലാവധിയിലാണ് റോഡിന്റെ പണികള്‍ നടത്തിയത്.
ഈ കാലാവധിക്കുള്ളില്‍ വേണ്ടി വരുന്ന അറ്റകുറ്റപണികള്‍ മരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ച് അനുമതി വാങ്ങി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പണികള്‍ നടത്തണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കുഴിയടക്കല്‍ പണികള്‍ നടത്തിയതെന്ന് പറയുന്നു.

RELATED STORIES

Share it
Top