ഇരട്ടച്ചങ്കോടെ ബെന്‍സേമ; ബയേണിനെ വീഴ്ത്തി റയല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍


മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 2-2 സമനിലയില്‍ തളച്ച റയല്‍ ആദ്യ പാദത്തില്‍ നേടിയ 2-1 ജയത്തിന്റെ കരുത്തിലാണ് ഫൈനലില്‍ കടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം പാദത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ കരിം ബെന്‍സേമയുടെ പ്രകടനമാണ് റയലിന് കരുത്തായത്.
റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മല്‍സരത്തില്‍ ആദ്യം വലകുലുക്കിയത് ബയേണ്‍ മ്യൂണിക്കായിരുന്നു. മൂന്നാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചാണ് ബയേണിന് ലീഡ് സമ്മാനിച്ചത്.  ഗോള്‍ വഴങ്ങിയതോടെ പൊരുതിക്കളിച്ച റയല്‍ 11ാം മിനിറ്റില്‍്ത്തന്നെ സമനില പിടിച്ചു. മാഴ്‌സലോയുടെ തകര്‍പ്പന്‍ ക്രോസിനെ ബെന്‍സേമ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ 1-1 സമനിലയോടെയാണ് ഇരു കൂട്ടരും കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കം തന്നെ റയല്‍ ലീഡുയര്‍ത്തി. ബയേണ്‍ ഗോള്‍കീപ്പര്‍ ഉള്‍രെകിന് പിഴവ് സംഭവിച്ചപ്പോള്‍ അനായാസം ബെന്‍സേമ പന്ത് വലയിലാക്കി. ബെന്‍സേമയുടെ 55ാം ചാംപ്യന്‍സ് ലീഗ് ഗോളുകൂടിയായിരുന്നു ഇത്. പിന്നീട് പ്രതിരോധം ശക്തിപ്പെടുത്തി റയല്‍ പന്ത് തട്ടിയെങ്കിലും 63ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിലൂടെ ബയേണ്‍ സമനില പിടിച്ചു. പിന്നീട് ഗോളുകള്‍ പിറക്കാതെ വന്നതോടെ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചു. ഇരു പാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയും റയല്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. ഇന്ന് നടക്കുന്ന റോമ - ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയിയാവും ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി.

RELATED STORIES

Share it
Top