ഇരട്ടച്ചങ്കനും കണ്ണൂരിന്‍ കണ്മണിയുംആബിദ്  ചെറുവണ്ണൂര്‍

നാടോടുമ്പോള്‍ നടുവെ ഓടണമെന്നാണല്ലോ. അപ്പോള്‍ ജയരാജനും നടുവെ തന്നെ ഓടണം. ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണമെന്നാണ് ചൊല്ലിയും കേട്ടും പഠിച്ചത്. ബ്രണ്ണന്‍ കോളജില്‍ നിന്ന് ആര്‍എസ്എസുകാരുടെ ഊരിപ്പിടിച്ച വാളിനും കത്തിക്കും ഇടയിലൂടെ നടന്നുവന്ന കഥ നേതാവ് മൊഴിയുന്നതു കേട്ടപ്പോള്‍ സ്വന്തം കഥയുമങ്ങ് പറയാമെന്നു കരുതി. പാര്‍ട്ടിക്കുവേണ്ടി ഒരു കൈ തന്നെ ദാനം നല്‍കി ജീവിക്കുന്ന രക്തസാക്ഷിയായതുകൊണ്ട് ഏറെ പറയാനുണ്ടുതാനും. കൊന്നും കൊലവിളിച്ചും കഴിഞ്ഞുപോയ കാലത്തിന്റെ ഗുണ്ടാക്കഥ അതുപോലെ അവതരിപ്പിച്ചാല്‍ അത്ര രസിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ പാട്ടും ഡാന്‍സുമൊക്കെയായി സംഗീതശില്‍പം പരമാവധി മനോഹരമാക്കി. ഇരട്ടച്ചങ്കന്‍ വിളികളാല്‍ മുഖരിതമായ കമ്മ്യൂണിസ്റ്റ് അന്തരീക്ഷത്തില്‍ മറ്റൊരു ചങ്കനെക്കൂടി അവതരിപ്പിക്കാനുള്ള എളിയ ശ്രമം. പക്ഷേ, ഗുണ്ടാപ്പണി എടുക്കുന്നതിനിടെ പാര്‍ട്ടി ക്ലാസുകളില്‍ പോവാത്തതുകൊണ്ടോ, പാര്‍ട്ടിയെക്കുറിച്ചു പഠിക്കാത്തതുകൊണ്ടോ ആവാം നിലവിലെ നേതാക്കള്‍ക്കു മുകളില്‍ വളരാന്‍ ഒരു പൂമരത്തെയും അനുവദിക്കില്ലെന്നു പാവം ജയരാജന് മനസ്സിലാക്കാന്‍ കഴിയാതെ പോയത്. പുരയ്ക്കു മുകളിലേക്കു വളര്‍ന്നാല്‍ ചന്ദനമാണെങ്കിലും വെട്ടണമെന്നാണ്. എന്നിട്ടല്ലേ, ചെഞ്ചോരപ്പൊന്‍ കതിരായ, ചെമ്മണ്ണിന്‍ മാനംകാക്കും ജയരാജനാം നന്മതന്‍ പൂമരം! സ്വയം പുകഴ്ത്തലും ഭൂമിക്കച്ചവടവും ആശ്രിതവാല്‍സല്യവുമെല്ലാം ബൂര്‍ഷ്വാ പരിപാടികളാണെന്നായിരുന്നു വയ്പ്. ഇപ്പോള്‍ അതൊക്കെ മാറിയില്ലേ. ബൂര്‍ഷ്വകളുടെ എല്ലാ സ്വഭാവവും സ്വയം അണിഞ്ഞുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നടക്കുന്ന വഴിയില്‍ ആരും നില്‍ക്കാന്‍പോലും പാടില്ലെന്നിടത്തേക്കു വരെ എത്തി കാര്യങ്ങള്‍. നാടുനീളെ ചങ്കുകളുടെ എണ്ണം വച്ചും അല്ലാതെയും ഫഌക്‌സുകളാണ്. അതിനിടയില്‍ സ്വയം വലുതാവാനൊന്ന് ആഗ്രഹിച്ചുപോയതില്‍ എന്താണു തെറ്റെന്ന് ആരും ചിന്തിച്ചുപോവും. തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ട്. ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവും. വിമര്‍ശനവും സ്വയംവിമര്‍ശനവും ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്നൊക്കെ പറഞ്ഞൊരു കാച്ചുകാച്ചി. എല്ലാവരും വിശ്വസിച്ചിട്ടുണ്ടാവും. പക്ഷേ, അപ്പോഴാണു ചിലര്‍ മുമ്പെന്നോ ഉണ്ടായ ഒരു ഫേസ്ബുക്ക് വിവാദത്തെക്കുറിച്ച് പറഞ്ഞു ചൊറിയുന്നത്. അമൃതാനന്ദമയിയെക്കുറിച്ച് വിശുദ്ധ നരകം എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകത്തെക്കുറിച്ച് കമന്റിട്ടപ്പോള്‍ അറിയാതെ മാതാ അമൃതാനന്ദമയിയെ കൂടി അധിക്ഷേപിച്ചുപോയി. പിന്നെയാണ് പാര്‍ട്ടിയിലേറെയും അവരുടെ ഭക്തരാണെന്നു മനസ്സിലായത്. ഇക്കാര്യം നാട്ടുകാരോട് പറയാന്‍ പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ പി ജയരാജനെന്ന സ്വന്തം പേരിലുള്ള ഫേസ്ബുക്ക് പേജ് തന്നെ തന്റെയല്ലെന്നും അതു വ്യാജമാണെന്നും പറയേണ്ടിവന്നു. എന്നാല്‍, കാലങ്ങളായി പി ജയരാജന്‍ അണികളോട് സംവദിക്കാന്‍ വരെ ഉപയോഗിച്ചിരുന്നതാണ് ആ പേജെന്നായി ചലര്‍. ഏതായാലും തൊട്ടുപിന്നാലെ തന്നെ ആ പേജ് മൊത്തമായി മായ്ക്കപ്പെട്ടത് കുലംകുത്തികള്‍ പറയുന്നതിലും ഇച്ചിരി കഴമ്പുണ്ടെന്നതിലേക്കു തന്നെയാണ് വെളിച്ചം വീശുന്നത്. മട്ടന്നൂരില്‍ മുഖ്യമന്ത്രി സഖാവ് പങ്കെടുത്ത പരിപാടിയുടെ സ്വാഗതപ്രാസംഗികന്‍ ജയരാജന്‍ സഖാവിന്റെ പേരുപറഞ്ഞപ്പോള്‍ ഉയര്‍ന്നുകേട്ട നിലയ്ക്കാത്ത കരഘോഷം ഇരട്ടച്ചങ്കില്‍ തുളച്ചുകയറിയതുകൊണ്ട് സഹിക്കാഞ്ഞ് പിണറായി സഖാവോ കുടുംബത്തെ കുടുക്കിയതിന് പ്രതികാരമായി ഇപിയോ സ്വന്തം പേരില്‍ അങ്ങനെയൊന്നിറങ്ങാത്തതുകൊണ്ട് അടുത്ത ജയരാജനോ ആരായാലും വച്ചത് വല്ലാത്ത പാരയായിപ്പോയി. ഈ അസുഖം മുമ്പേ നുള്ളാതെ വിട്ടതുകൊണ്ടാണ് കൂടിപ്പോയതെന്നു പറയുന്നവരുമുണ്ട്. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുെട മുന്നില്‍ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ പ്രതീക്ഷയായ നേതാവിനെ ജനങ്ങളില്‍നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിതെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ പറയിക്കാന്‍ എഴുതിക്കൊടുത്ത കത്ത് കിട്ടിയപ്പോഴേ പണിതുടങ്ങേണ്ടതായിരുന്നുവെന്നാണ് അവരുടെ പക്ഷം. ഏതായാലും, കണ്ണൂരിന്‍ കണ്ണായ ധീരസഖാവേ, കൈരളിക്കഭിമാനം ധീരസഖാവേ... എന്നു തുടങ്ങുന്ന പാട്ട് ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനംകാക്കും നന്മതന്‍ പൂമരമല്ലോ, കണ്ണൂരിന്‍ താരകമല്ലേ ജയജയരാജന്‍ ധീരസഖാവ്. ജയരാജന് പിന്നിലണിയായ് നവകേരളമൊറ്റമനസ്സായ്... എന്നിങ്ങനെ പാട്ട് മുന്നോട്ടുപോവുമ്പോള്‍ ഏത് ചങ്കും പൊട്ടിപ്പോവുമെന്ന കാര്യത്തില്‍ സംശയമില്ല. എത്ര ചങ്കുണ്ടായിട്ടും അപ്പോള്‍ വലിയ കാര്യമൊന്നുമുണ്ടാവുകയുമില്ല. ഇനിയിപ്പോള്‍ പുറച്ചേരി ഗ്രാമീണ കലാവേദിക്കു വേണ്ടി പ്രദീപ് കടയപ്രം നിര്‍മിെച്ചന്നു പറയുന്ന ഡോക്യുമെന്ററി അദ്ദേഹത്തെക്കൊണ്ട് വല്ല തീവ്രവാദികളോ ബൂര്‍ഷ്വാ പാര്‍ട്ടി മുതലാളിമാരോ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തി ഉണ്ടാക്കിയെടുത്തതാവുമോ?

RELATED STORIES

Share it
Top