ഇരട്ടക്കൊലപാതകം: തെളിവെടുപ്പ് നടത്തി

മാവേലിക്കര: പല്ലാരിമംഗലത്തു ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു. പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തില്‍ ബിജു (50), ശശികല (42) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയല്‍വാസി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷി (38)നെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്.
പ്രതിയെ കാണാനായി തടിച്ചുകൂടി ആക്രോശിച്ച പ്രദേശവാസികളോടു സുധീഷ് ചെറുത്തു സംസാരിച്ചു. തുടര്‍ന്നു പ്രകോപിതരായ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലിസ് നന്നേ പാടുപെട്ടു. തെളിവെടുപ്പു സമയം ആദ്യം പ്രതി ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണു സമീപത്തെ പുരയിടത്തില്‍ നിന്നു കൃത്യം നിര്‍വഹിക്കാനായി ഉപയോഗിച്ച കമ്പിവടി കണ്ടെത്തിയത്. ഇതിനു ശേഷം എങ്ങനെയാണു കൊലപാതകം നടത്തിയതെന്നു പ്രതി പോലിസിനോട് പറഞ്ഞു.
പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു മാവേലിക്കര സിഐ പി ശ്രീകുമാര്‍ അറിയിച്ചു. ഡിവൈഎസ്പി ആര്‍ ബിനു, സിഐ പി ശ്രീകുമാര്‍ എസ്‌ഐ സി ശ്രീജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top