ഇരകളെ രാജ്യദ്രോഹികളെന്നു വിളിച്ച മന്ത്രി സുധാകരന്‍ ജനദ്രോഹി: കെ കുട്ടി അഹമ്മദ് കുട്ടി

തേഞ്ഞിപ്പലം: തങ്ങളുടെ കിടപ്പാടവും സ്ഥലവും ഉപജീവനമാര്‍ഗങ്ങളും ചുങ്കപ്പാതക്കു വേണ്ടി അളന്നെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളെന്നാക്ഷേപിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഏറ്റവും വലിയ ജനദ്രോഹിയാണെന്ന് മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി കുറ്റപ്പെടുത്തി.
ചേളാരിയില്‍ എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരകളുടെ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ മെട്രോക്ക് സ്ഥലമേറ്റെടുപ്പ് നടത്തുവാന്‍ എറണാകുളത്തെ പ്രമുഖ ടെക്സ്റ്റയില്‍ ഷോപ്പ് ഉടമയായ വനിതയോട് 23 തവണ ചര്‍ച്ച നടത്താന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായി.എന്നാല്‍ പാവപ്പെട്ടവന്റെ കിടപ്പാടം ഒരു ചര്‍ച്ച പോലും നടത്താതെ പോലിസിനെ കയറൂരി വിട്ട് അളന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സി ആര്‍ നീലകണ്ഠന്‍ വിലയിരുത്തി.
ഡോ.ആസാദ് അധ്യക്ഷ്യത വഹിച്ചു. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, പി കെ പ്രദീപ് മേനോന്‍, കണിയാടത്ത് ബഷീര്‍, സലാം മൂന്നിയൂര്‍, കൊല്ലച്ചാട്ടില്‍ ജനാര്‍ദ്ദനന്‍ സംസാരിച്ചു

RELATED STORIES

Share it
Top