ഇന്റിമേഷന് പണം: നടപടിക്കൊരുങ്ങി അധികൃതര്‍

മുക്കം: അക്രമണ കേസുകളിലും അപകടത്തില്‍ പരുക്കേറ്റെത്തുന്നവരില്‍ നിന്നും അനധികൃതമായി പണം പറ്റിയ ഡോക്ടര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പും വിജിലന്‍സും.
മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. വി എന്‍ ഗോപാലകൃഷ്ണനെതിരേയാണ് പണം വാങ്ങുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തെ ഹോപ്പിറ്റല്‍ മാനേജ്മന്റ് കമ്മിറ്റിയാണ് ദിവസവേതനാടിസ്ഥാനത്തില്‍ ഇവിടെ നിയമിച്ചത്.
ആക്രമണത്തിനിരയായി പരിക്കേറ്റ ഓട്ടോറിക്ഷ തൊഴിലാളിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോളാണ് പോലിസില്‍ അറിയിക്കണമെങ്കില്‍ 500 രൂപ വേണമെന്ന് ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചത്. ഡോക്ടറുടെ നിര്‍ബന്ധത്തിനു വഴങ്ങി പണം നല്‍കിയ ഓട്ടോ തൊഴിലാളികള്‍ സംഭവം വിഡിയോയില്‍പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ട ആരോഗ്യ വകുപ്പ് അധികൃതരാണ് ഡോക്ടര്‍ക്കെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് അധികൃതരും ഡോക്ടര്‍ക്കെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

RELATED STORIES

Share it
Top