ഇന്റര്‍ നാഷനല്‍ കൈറ്റ് ഫെസ്റ്റിവല്‍; ഇന്ത്യന്‍ സംഘത്തെ സലിം പാറക്കല്‍ നയിക്കും

മുക്കം: 15ാമത് ഇന്തോനേസ്യ ഇന്റര്‍നാഷനല്‍ കൈറ്റ് ഫെസ്റ്റിവലില്‍ (പട്ടം പറത്തല്‍) പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ സംഘം 12ന് പുറപ്പെടും. 13 മുതല്‍ 18 വരെ ഇന്തോനേസ്യയിലെ വെസ്റ്റ് ജാവ ദീപ് ബീച്ചിലാണ് മല്‍സരം. ഏഴംഗ ഇന്ത്യന്‍ സംഘത്തെ മുക്കം ചെറുവാടി സ്വദേശി സലീം പാറക്കലാണ് നയിക്കുന്നത്.  ഇന്തോനേസ്യന്‍ കൈറ്റ് അസോസിയേഷന്‍, ഇന്തോനേസ്യ വിനോദസഞ്ചാര വകുപ്പ് എന്നിവര്‍ സംയുക്തമായാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഏഷ്യയിലെ 22 രാജ്യങ്ങളില്‍ നിന്നായി 85 ടീമുകള്‍ഫെസ്റ്റിവലില്‍ രണ്ട് വിഭാഗങ്ങളിലായി പങ്കെടുക്കും.
പരമ്പരാഗത പട്ടങ്ങളുടെ മല്‍സരത്തിലും ഇന്‍ഫ്‌ളേയിറ്റബിള്‍ പട്ടങ്ങളുടെ പ്രദര്‍ശനത്തിലും ഇന്ത്യന്‍ സംഘം പങ്കെടുക്കുമെന്ന് വണ്‍ ഇന്ത്യ കൈറ്റ് അംഗങ്ങള്‍ അറിയിച്ചു. സലിം പാറക്കലിനെ കൂടാതെ അബ്ദുല്ല മാളിയേക്കല്‍, അഡ്വ. ശ്യാം പത്മന്‍, രാഗേഷ് ശര്‍മ, അനുപ് ഫ്രാന്‍സിസ്, അനുതീപ് സിങ്, എന്നിവരാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യ-ഇന്തോനേസ്യ നയത്രന്തത്തിന്റെ 70ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേസ്യന്‍ പ്രധാനമന്ത്രി ജാക്കോ വിഡോഡോ എന്നിവര്‍ ജക്കാര്‍ത്തയില്‍ നടത്തിയ സൗഹൃദ പട്ടം പറത്തലിന്റെ തുടര്‍ച്ചയായാണ് മല്‍സരം. പരമ്പരാഗത ഡയമണ്ട് രൂപത്തിലുള്ള പട്ടം, ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ത്രിമാനരൂപത്തിലുള്ള പട്ടം, കഥകളി പട്ടം തുടങ്ങിയ മല്‍സരത്തില്‍ പറത്തുമെന്നും വണ്‍ ഇന്ത്യാ കൈറ്റ് ടീമംഗങ്ങള്‍ പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി പട്ട നിര്‍മാണ ശില്‍പശാലയും പരമ്പരാഗത പട്ട നിര്‍മാണ പ്രദര്‍ശനവുംനടത്തുന്നുണ്ട്.സലീം പാറക്കല്‍, ഗുലാം ഹുസയ്ന്‍ കൊളക്കാടന്‍, അബ്ദുല്ല മാളിയേക്കല്‍, ഡോ. ഐബി ഫ്രാന്‍സിസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top