ഇന്റര്‍സോണ്‍ കലോല്‍സവം : ഇന്ന് തിരശ്ശീല വീഴും ; പോയിന്റ് നിലയില്‍ ഫാറൂഖും ദേവഗിരിയും ഒപ്പത്തിനൊപ്പംകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍  കലോല്‍സവത്തിന് ഇന്ന് തിരശ്ശീല വീഴും. സ്‌റ്റേജ് മല്‍സരങ്ങളില്‍ ഏതാനും ഇനങ്ങള്‍കൂടി ആണ് ഇനി അരങ്ങേറാനുള്ളത്്. സ്‌റ്റേജിനങ്ങളില്‍ ഒപ്പത്തിന് ഒപ്പം മല്‍സരിച്ച്ഫറൂഖ് കോളജും സെന്റ് ജോസഫ് കോളജ് ദേവഗിരിയും ഒന്നാം സ്ഥാനത്തുണ്ട്.  73 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ ദേവഗിരി സെന്റ് ജോസഫ് കോളജും (103), ഫാറൂഖ് കോളജും (102) ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.  78 പോയിന്റുമായി വിക്‌ടോറിയ കോളജ് പാലക്കാട് മൂന്നാം സ്ഥാനത്തും 53 പോയിന്റുമായി സൗഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കൊടകര നാലാം സ്ഥാനവും നേടി. കലോല്‍സവത്തില്‍ ഏത്‌കോളജ് ചാംപ്യന്‍മാരാകുമെന്ന് ഇന്നോടെയെ വ്യക്തമാവൂ. ഇന്നലെ നടന്ന  ഇംഗ്ലീഷ് നാടക മല്‍സരത്തില്‍  സൗഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കൊടകര ഒന്നാം സ്ഥാനം നേടി. പരിചമുട്ടുകളിയിലും സൗഹൃദയക്കാണ് ഒന്നാം സ്ഥാനം. സംസ്‌കൃത നാടകത്തില്‍ ഗവ. വിക്ടോറിയ കോളജ് പാലക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോല്‍ക്കളിയില്‍ എംഎച്ച്ഇഎസ് കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വടകരയും ഫാറൂഖ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചങ്കുവെട്ടിയും ഒന്നാം സ്ഥാനം പങ്കിട്ടു. തുള്ളലില്‍ കട്ടേക്കാട് ഭാരതീയ വിദ്യാനികേതന്‍ കോളജ്് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ കെ പി അനുശ്രീ ഒന്നാമതെത്തി. കഥകളി സംഗീതം (ആണ്‍) വിഭാഗത്തില്‍ ഫറൂഖിലെ കെ സി വിവേകും തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ യദു എസ് മാരാരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ട് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മമ്പാട് എംഇഎസ് കോളജിലെ എം മുര്‍ശിദ്, മുഹമ്മദ് അജ്മല്‍ എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തി ല്‍ ഫറുഖ് കോളജിലെ ആര്‍ വി അനുനന്ദയും എംഇഎസ് മമ്പാടിലെ കെ ടി സുല്‍ഫയും ഒന്നാം സ്ഥാനം പങ്കിട്ടു.  ഇന്ന് പ്രധാനമായും ഒപ്പന, മിമിക്രി, നാടോടി നൃത്തം, കഥാപ്രസംഗം , ദഫ്മുട്ട് എന്നിവ വിവിധ സ്റ്റേജുകളിലായി അരങ്ങേറും. കഴിഞ്ഞ എട്ടിന് തുടങ്ങിയ കലോല്‍സവത്തില്‍ 3000 ലധികം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ മാറ്റുരയ്ക്കുന്നുണ്ട്.

RELATED STORIES

Share it
Top