ഇന്റര്‍പോള്‍ മുന്‍ തലവന്‍ അഴിമതി നടത്തിയെന്നു ചൈന

ബെയ്ജിങ്: ചൈന കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നു രാജി വച്ച നിലവിലെ ഇന്റര്‍പോള്‍ തലവനെതിരേ അഴിമതിക്കുറ്റത്തിലും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും അന്വേഷണം ആരംഭിച്ചതായി ചൈന അറിയിച്ചു. അന്വേഷണത്തില്‍ മെങ് ഹോങ്‌വെയ്ക്കു യാതൊരു വിധആനുകൂല്യങ്ങളോ, ഔദാര്യങ്ങളോ ലഭിക്കില്ലെന്നും ചൈനീസ് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ആരു നിയമലംഘനം നടത്തിയാലും കനത്ത ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹോങ്‌വെയെ കാണാതായി ദിവസങ്ങള്‍ക്കു ശേഷമാണ് ചൈന അറസ്റ്റ് സ്ഥിരീകരിച്ചത്്.
അതേസമയം, മെങ്ങിന്റെ ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ് ആശങ്ക പ്രകടിപ്പിച്ചു. അപ്രത്യക്ഷമാവുന്നതിനു മുമ്പ് മെങ് അവസാനം അയച്ച സന്ദേശത്തില്‍ കത്തിയുടെ ഇമോജിയാണുള്ളതെന്ന് അവര്‍ വ്യക്തമാക്കി. ഇമോജി അയക്കുന്നതിനു മുമ്പ്, തന്റെ ഫോണ്‍ കോളിനായി കാത്തിരിക്കണമെന്നു മെങ് ഗ്രേസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതിനു പിന്നാലെ കത്തിയുടെ ഇമോജിയുമെത്തി. എന്താണ് അദ്ദേഹത്തിനു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും ഗ്രേസ് പറയുന്നു.
ഇന്റര്‍പോള്‍ ആസ്ഥാനമായ ഫ്രാന്‍സിലെ ലിയോണില്‍ കുടുംബസമേതം താമസിക്കുന്ന മെങ് ചൈനയില്‍ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ്.
ചൈനയിലെത്തിയ ശേഷം മെങ്ങിന്റെ ഒരു വിവരവും ലഭ്യമല്ലെന്നു ഭാര്യ പോലിസില്‍ പരാതി നല്‍കിയതോടെയാണു തിരോധാന വിവരം പുറത്തുവന്നത്. സപ്തംബര്‍ 29നു ചൈനയിലേക്കു പോയ മെങ് പിന്നീട് ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ഫ്രഞ്ച് പോലിസ് അറിയിച്ചു.
തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെ ഇന്റര്‍പോള്‍ താല്‍ക്കാലിക മേധാവിയായി നിയമിച്ചു. ദുബയില്‍ അടുത്ത മാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

RELATED STORIES

Share it
Top