ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ കോച്ചസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അഹമ്മദ് റാഷിദ്

തൃക്കരിപ്പൂര്‍: അസോസിയേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ കോച്ചസ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ കോച്ചസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അഹമ്മദ് റാഷിദിന് അവസരം. മുംബൈ ഡിവൈ പാട്ടീല്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് റാഷിദ് അടക്കം മൂന്ന് പേരാണ് പങ്കെടുക്കുന്നത്.
ജില്ലയിലെ മികച്ച ഫുട്‌ബോള്‍ പരിശീലകനായ റാഷിദ് ഇതിനകം തന്നെ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സി ലൈസന്‍സ്, എഐഎഫ്എഫ് ഗ്രാസ്‌റൂട്ട് ലെവല്‍ കോഴ്‌സ്, ബ്രിട്ടീഷ് കൗണ്‍സില്‍ പ്രീമിയര്‍ സ്‌കില്‍സ് കോഴ്‌സ്, ജര്‍മന്‍ സോക്കര്‍ കോച്ചിങ് കോഴ്‌സ് എന്നീ കോച്ചിങ് കോഴ്‌സുകളും എംബിഎ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനായ അഹമ്മദ് റാഷിദ് കേരള സ്‌റ്റേറ്റ് ജൂനിയര്‍ ടീം, കണ്ണൂര്‍ യൂനിവേര്‍സിറ്റി, അണ്ണാമലൈ യൂനിവേര്‍സിറ്റി, എഫ്‌സി കൊച്ചിന്‍, വിവ കേരള, വെസ്‌റ്റേണ്‍ റെയില്‍വേ അഹമ്മദാബാദ് ഡിവിഷന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
മുംബൈയില്‍ ഇന്നും നാളെയുമായി നടക്കുന്ന കോച്ചസ് കോണ്‍ഫറന്‍സില്‍ നൂതനമായ പരിശീലന ടെക്‌നിക്ക്, ഗ്രാസ്‌റൂട്ട് കോച്ചിങ്ങ് പ്രൊജക്റ്റ് തുടങ്ങിയ വിഷയങ്ങളിലൂന്നി പ്രശസ്തരായ വിദേശ പരിശീലകര്‍ സംവദിക്കും. ടോം ബെയര്‍ (ജപ്പാന്‍ ഡയരക്ടര്‍, ഗ്രാസ്‌റൂട്ട് പ്രോഗ്രാം ഏഷ്യ), ക്രിസ് ബാര്‍നെസ് (മിഡില്‍സ്‌ബ്രോ എഫ്‌സി ഇംഗ്ലണ്ട്), ഡോ. നോബര്‍ട്ട് റൂബിസെക് (ഡയരക്ടര്‍, സ്‌പോര്‍ട്‌സ് കറപ്ഷന്‍ യൂനിറ്റ്, യൂറോപ്പ്), ക്രിസ്ത്യന്‍ ഡയറക്‌സ് (ബറൂഷ്യ ഡോട്മുണ്ട്, ജര്‍മനി), ഓനോ മക്കാറ്റോ (ഹെഡ്, ജപ്പാന്‍ വിമന്‍സ് നാഷണല്‍ ട്രെയിനിങ് സെന്റര്‍), റിച്ചാര്‍ഡ് ഹൂഡ് (ഹോളണ്ട്), മാര്‍ക്ക് വെസ്സെന്‍ (സ്‌പെയിന്‍  ഹെഡ് കോച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ യങ്ങ് ചാമ്പ്‌സ്), സ്‌കോട്ട് ഒഡോണല്‍ ആസ്‌ത്രേലിയ (ഫിഫ കോച്ചസ് ഇന്‍സ്ട്രക്ടര്‍), ജോണ്‍ ഓവന്‍സ് (ലിവര്‍പൂള്‍ അക്കാദമി, ഇംഗ്ലണ്ട്), ചോക്കി നിമ (ഫിഫ, ടെക്ക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്), റൈലന്റ് മോര്‍ഗന്‍സ് (എവര്‍ട്ടന്‍ എഫ്‌സി ഇംഗ്ലണ്ട്) കുശാല്‍ ദാസ് (സെക്രട്ടറി, എഐഎഫ്എഫ്), ദിനേശ് നായര്‍ (ഡയറക്ടര്‍, എഐഎഫ്‌സി), സാവിയോ മെഡീര) തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിക്കും.
തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശിയായ റാഷിദ്, ജൂനിയര്‍ നാഷനല്‍ ലീഗില്‍ വിവ കേരള ജൂനിയര്‍ ടീമിന്റെ കോച്ച് കം മാനേജരായിട്ടുണ്ട്. 2013ല്‍ വയനാട് നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍, ചരിത്രത്തിലാദ്യമായി കിരീടം നേടിയ കാസര്‍കോട് ജില്ലാ ടീമിന്റെ പരിശീലകനായിരുന്നു. തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായി ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു. പടന്ന എംആര്‍വിഎച്ച്എസ് സ്‌കൂള്‍ വിഎച്ച്എസ്്ഇ വിഭാഗം ട്രാവല്‍ ആന്റ് ടൂറിസം അധ്യാപകനാണ്. ജില്ലയിലെ മികച്ച കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് കഴിഞ്ഞ മാസമാണ് ലഭിച്ചത്.

RELATED STORIES

Share it
Top