ഇന്ന് 5,000 അക്കൗണ്ടുകളിലേക്കു കൂടിപണമെത്തും

കൊച്ചി: പ്രളയദുരിതബാധിതര്‍ക്കുള്ള അടിയന്തിരധനസഹായ വിതരണം ജില്ലയില്‍ പുരോഗമിയ്ക്കുന്നതായും ഇന്നലെ വൈകീട്ടോടെ 35,984 കുടുംബങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് 15,000 അക്കൗണ്ടുകളിലേക്കുകൂടി പണമെത്തും. ധനസഹായം അനുവദിക്കുന്നതിനുള്ള വിവരശേഖരണം 80 ശതമാനം പൂര്‍ത്തിയായി. ദുരിതബാധിതര്‍ ഏറ്റവും കുറവുള്ള കോതമംഗലം താലൂക്കിലെ ധനസഹായവിതരണം 99 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ധനസഹായത്തിന് അര്‍ഹരായി ഇതുവരെ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളുടെ രേഖകള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തുകയും തുക വകയിരുത്തുകയും ചെയ്തുകഴിഞ്ഞു. ദുരിതാശ്വാസ കിറ്റുകളുടെ പായ്ക്കിങ്ങും വിതരണവും വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. ഇതിനകം 1,44,000 കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രി എ സി മൊയ്തീന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ ജില്ലയിലെത്തുകയും വിവിധ പ്രദേശങ്ങളും സംഭരണ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. അടിയന്തിര ധനസഹായവിതരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ഇന്നലെ പ്രവര്‍ത്തിദിവസമായിരിന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ദര്‍ബാര്‍ഹാള്‍ റോഡ് എറണാകുളം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വടക്കന്‍ പറവൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലുവ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ എന്നീ ബാങ്ക് ശാഖകളാണ് വൈകീട്ട് ആറുവരെ തുറന്ന് പ്രവര്‍ത്തിച്ചത്. ട്രഷറിയും തുറന്നു പ്രവര്‍ത്തിച്ചു. ജില്ലയിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും കാക്കനാട് സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസുകളിലെയും ജീവനക്കാരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

RELATED STORIES

Share it
Top