ഇന്ന് ലോക പേവിഷബാധ പ്രതിരോധ ദിനം

തിരുവനന്തപുരം: ഇന്ന് പേവിഷബാധ പ്രതിരോധദിനം. റാബിസ് വൈറസ്ബാധയുള്ള മൃഗങ്ങള്‍ മനുഷ്യരെ കടിക്കുമ്പോള്‍ ഉമിനീരിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും നാഡീവ്യൂഹത്തിലൂടെ തലച്ചോറിലെത്തി രോഗമുണ്ടാക്കുകയും ചെയ്യും. പേവിഷബാധയുടെ 99 ശതമാനവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുക വഴി ഉണ്ടാവുന്നതാണ്.
കടിയേല്‍ക്കുന്നവരില്‍ 40 ശതമാനത്തോളം പേര്‍ 15 വയസ്സിനു താഴെയുള്ളവരാണ്. പ്രതിരോധ കുത്തിവയ്പിലൂടെ തടയാവുന്ന ഒരു വൈറസ്‌രോഗമാണ് പേവിഷബാധ. പേവിഷബാധ നിവാരണത്തിന് ഏറ്റവും പ്രായോഗികമായ മാര്‍ഗം നായകള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പാണ്.
റാബിസ് ജന്തുജന്യരോഗമാണ്. പേവിഷബാധ സംശയമുള്ള ജന്തുക്കളുടെ കടിയേറ്റുകഴിഞ്ഞാല്‍ ഉമിനീരില്‍ കാണുന്ന റാബിസ് വൈറസ് മുറിവിലൂടെ കടിയേറ്റ മനുഷ്യരുടെയോ ജന്തുക്കളുടെയോ ശരീരത്തിനുള്ളില്‍ എത്തിപ്പെടുകയും നാഡീവ്യൂഹത്തിലൂടെ തലച്ചോറില്‍ കടന്ന് രോഗമുണ്ടാക്കുകയും ചെയ്യും.
നായ്ക്കളുടെ നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പാക്കുക, അണുബാധയേറ്റ മുഴുവന്‍ പേര്‍ക്കും ആന്റി റാബിസ് വാക്‌സിന്‍ ലഭ്യമാക്കുക, തെരുവുനായ്ക്കളുടെ അനിയന്ത്രിത പ്രജനനം തടയുക, മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് സംയോജിത പദ്ധതികള്‍ നടപ്പാക്കുക എന്നിവ വഴി പ്രതിരോധിക്കാം. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും പേവിഷബാധയ്‌ക്കെതിരേയുള്ള ചികില്‍സ ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top