ഇന്ന് ലോക പരിസ്ഥിതി ദിനം : പച്ചപ്പ് സംരക്ഷിച്ച് അധ്യാപക ദമ്പതികള്‍അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: വികസനത്തിന്റെ മറവില്‍ മരങ്ങള്‍ വെട്ടിവീഴ്ത്തുമ്പോള്‍ തൈകള്‍ വച്ചുപിടിപ്പിച്ച് പ്രകൃതിയുടെ പച്ചപ്പു സംരക്ഷിക്കുകയാണു ചെങ്കളയിലെ അധ്യാപക ദമ്പതികള്‍. പുണ്ടൂരില്‍ താമസിക്കുന്ന ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കന്നഡ അധ്യാപകന്‍ ശാഹുല്‍ ഹമീദും മുള്ളേരിയ ജിവിഎച്ച്എസ്എസിലെ ബോട്ടണി അധ്യാപിക അസ്മയുമാണു തങ്ങള്‍ക്കു വരദാനമായി കിട്ടിയ 10 ഏക്കറില്‍ എട്ട് ഏക്കറിലും മരങ്ങള്‍ വച്ചുപിടിപ്പിച്ച് വ്യത്യസ്തരാവുന്നത്്. സ്വന്തം മക്കളെപ്പോലെയാണ് ഇവര്‍ കാടിനെയും കാട്ടുജീവികളെയും പരിപാലിക്കുന്നത്. മരങ്ങള്‍ മുറിക്കാറില്ലെന്നു മാത്രമല്ല, വര്‍ഷംതോറും 100ലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. രണ്ടു കുന്നുകളിലായി പരന്നുകിടക്കുന്നതാണു സ്വകാര്യ വനം. തേക്ക്, പ്ലാവ്, മാവ്, മരുത്, പൂവരശ്, കാഞ്ഞിരം, മഹാഗണി തുടങ്ങിയ 50ലേറെ തരം വൃക്ഷങ്ങളുടെയും നിരവധി ഔഷധ സസ്യങ്ങളുടെയും അമൂല്യശേഖരമുണ്ട് കാട്ടില്‍. മയില്‍, കുയില്‍, വേഴാമ്പല്‍, കാട്ടുകോഴി, ഇരട്ടവാലന്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെ സാന്നിധ്യവും കാടിനെ ജീവസ്സുറ്റതാക്കുന്നു. വിവിധ ഇനം പാമ്പുകള്‍, തവളകള്‍, മുയല്‍, മരപ്പട്ടി, മലയണ്ണാന്‍, പൂമ്പാറ്റകള്‍ തുടങ്ങിയവയെല്ലാം കാടിനകത്ത് മനോഹരമായ കാഴ്ചയാണ്. കാടിനുള്ളിലെ ഓരോ ജീവജാലങ്ങളും സ്വന്തം കുടുംബാംഗങ്ങള്‍ പോലെയാണ് ഈ അധ്യാപക ദമ്പതികള്‍ക്ക്. ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും കളിക്കൂട്ടുകാരാണ്. ഓരോന്നിന്റെയും വാസസ്ഥലവും ഇവര്‍ക്കു കൃത്യമായി അറിയാം. വ്യത്യസ്തങ്ങളായ പക്ഷികളുടെയും മൃഗങ്ങളുടെയും പൂമ്പാറ്റകളുടെയും അപൂര്‍വ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണത്തിനായി കാട്ടില്‍ നിറയെ പഴവര്‍ഗങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നാട് മുഴുവന്‍ വറ്റിവരണ്ടപ്പോള്‍ ശാഹുല്‍ ഹമീദിന്റെ കുളങ്ങളും കിണറുകളും തടയണകളും വെള്ളം നിറഞ്ഞുകിടന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെവനമിത്ര അവാര്‍ഡ് ശാഹുല്‍ ഹമീദ് മാസ്റ്ററെ തേടി എത്തിയിരുന്നു.   പരിസ്ഥിതി പഠനത്തിനു വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ വര്‍ഷംതോറും ഇദ്ദേഹത്തെ തേടിയെത്തുന്നു. ഇന്നലെയും വിവിധ വിദ്യാലയങ്ങളില്‍നിന്നു പരിസ്ഥിതിയെക്കുറിച്ചു പഠിക്കാന്‍ നിരവധി കുട്ടികളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തിലെത്തിയത്. തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയും തോട്ടത്തില്‍ വിളയുന്നുണ്ട്. മക്കള്‍: രണ്ടാംതരം വിദ്യാര്‍ഥി ഷഹാം, എല്‍കെജി വിദ്യാര്‍ഥി ഷദ.

RELATED STORIES

Share it
Top