ഇന്ന് ലോക കാര്‍ട്ടൂണ്‍ ദിനം : അഞ്ജന്റെ കാര്‍ട്ടൂണുകള്‍ ആശയ സമുദ്രങ്ങള്‍നിഖില്‍ എസ്  ബാലകൃഷ്ണന്‍

കൊച്ചി: പെന്‍സില്‍ കൈയ്യിലെടുത്താല്‍ എന്തെങ്കിലുമൊക്കെ വരച്ച് തീര്‍ക്കാതെ അഞ്ജന്‍ സതീഷ് താഴെ വയ്ക്കാറില്ല. അത്രമാത്രം വരയുടെ ലോകത്തെ ഈ ചെറുപ്പക്കാരന്‍ പ്രണയിക്കുന്നു. സെറിബ്രല്‍ പാള്‍സി രോഗം കേള്‍വി ശക്തിയും കാഴ്ച്ച ശക്തിയും സംസാരശേഷിയും കവര്‍ന്നെടുത്തെങ്കിലും അഞ്ജന്‍ തളര്‍ന്നില്ല. വരകളിലൂടെ വിസ്മയം തീര്‍ത്ത് തനിക്ക് നിഷേധിച്ച സൗഭാഗ്യങ്ങളിലേക്ക് ഈ ചെറുപ്പക്കാരന്‍ ചുവട് വച്ചു.കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിക്കുന്ന കാരിട്ടൂണിന്റെ ഉദ്ഘാടന വേദിയിലും താരമായത് ഈ ഇരുപത്തിയെട്ടുകാരന്‍ തന്നെ. മെട്രോയുടെ ലോകത്തിലേക്ക് കടക്കുന്ന കൊച്ചിയാണ് അഞ്ജന്‍ വരച്ച് തീര്‍ത്തത്. ഭിന്നശേഷിയുള്ള മറ്റ് വിദ്യാര്‍ഥികളില്‍ തനിക്ക് ലഭിച്ച കഴിവ് പകര്‍ന്നു നല്‍കുന്ന അധ്യാപകനാണ് ഇന്ന് അഞ്ജന്‍. തൃപ്പൂണിത്തുറ ആദര്‍ശ് വിദ്യാലയത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോഴും കാര്‍ട്ടൂണ്‍ രചനയാണ് ഇഷ്ടമേഖല. പത്രം വായനയിലൂടെ ലഭിക്കുന്ന സാമൂഹിക വിഷയങ്ങള്‍ ഹാസ്യവല്‍കരിച്ച് അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള അഞ്ജനെ കാര്‍ട്ടൂണ്‍ അക്കാദമി തങ്ങളുടെ ഐക്കണായി തിരഞ്ഞെടുത്താണ് ആദരിച്ചത്. കാര്‍ട്ടൂണ്‍ അക്കാദമിയിലെ അംഗം കൂടിയാണ് അഞ്ജന്‍. ഈ ചെറുപ്രായത്തില്‍ നിരവധി പുരസ്‌ക്കാരങ്ങളും അഞ്ജനെ തേടിയെത്തി. സാമൂഹിക നീതി വകുപ്പിന്റെ സ്‌പെഷ്യല്‍ ടാലന്റ് പുരസ്‌ക്കാരം, എബിലിറ്റി ഫൗണ്ടേഷന്റെ മിസ്റ്ററി പുരസ്‌കാരം എന്നിവ അവയില്‍ ചിലത് മാത്രം. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര കീര്‍ത്തി നഗറില്‍ അഞ്ജനത്തില്‍ സതീഷ് കുമാറിന്റെയും ഹൈക്കോടതിയില്‍ കോര്‍ട്ട് ഓഫിസറായ ലതിക സുഭാഷിന്റെയും മകനാണ്. പൂര്‍ണ പിന്തുണ നല്‍കി ആത്മവിശ്വാസമേകുന്ന ഈ മാതാപിതാക്കള്‍ തന്നെയാണ് അഞ്ജന്റെ ശക്തി.

RELATED STORIES

Share it
Top