ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി
മാഞ്ചസ്റ്റര്‍:  ലോകഫുട്‌ബോളിലെ കരുത്തരായ താരങ്ങളും പരിശീലകരും മുഖാമുഖമെത്തുന്ന കാല്‍പ്പന്ത് കളി ചരിത്രത്തിലെ  വീറും വാശിയും നിറഞ്ഞ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്ന്. യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍സമയം രാത്രി പത്തിനാണ് ചിരവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന സിറ്റിയും യുനൈറ്റഡും തമ്മിലുള്ള കിരീട പോരാട്ടത്തിലും ഇന്നത്തെ ഡെര്‍ബി നിര്‍ണായകമാണ്. യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാനായാല്‍ യുനൈറ്റഡുമായി പോയിന്റ് വ്യത്യാസം 11 ആയി ഉയര്‍ത്താന്‍ സിറ്റിക്കാവും. നിലവില്‍ 43 പോയിന്റുമായി സിറ്റി ഒന്നാമതും 35 പോയിന്റുമായി യുനൈറ്റഡ് രണ്ടാമതുമാണുള്ളത്.  പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി കരുത്തരാണ്. കെവിന്‍ ഡിബ്രുയിന്‍, ഡേ വിഡ് സില്‍വ, ഗബ്രിയേല്‍ ജീസസ് തുടങ്ങി കളി മാറ്റി മറിക്കാന്‍ ശക്തിയുള്ള താരങ്ങള്‍ തന്നെയാണ് സിറ്റിയുടെ കരുത്ത്. അതേ സമയം കാല്‍മുട്ടിന് പരിക്കേറ്റ ഫ്രഞ്ച് ഡിഫന്റന്‍ ബെഞ്ചമിന്‍ മെന്‍ഡി, ഇംഗ്ലണ്ട് ഡിഫന്റര്‍ ജോണ്‍സ്‌റ്റോണ്‍ എന്നിവരുടെ അഭാവം സിറ്റിക്കു വെല്ലുവിളിയുയര്‍ത്തും. ലീഗിലെ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ നാലിലും ജയിച്ച സിറ്റി ഉജ്ജ്വല ഫോമിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഷക്തറുമായുള്ള മല്‍സരത്തില്‍ ഒരു ഗോളിന് അടിയറവ് പറയുകയും ചെയ്തിരുന്നു.  അതേ സമയം കഴിഞ്ഞ കളിയില്‍ ചുവപ്പു കാര്‍ഡ് കിട്ടിയ യുനൈറ്റഡിന്റെ കുന്തമുന പോള്‍ പോഗ്ബയില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. എന്നാല്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റൊമേലു ലുക്കാക്കു,ആഷ്‌ലി യങ്ങ് എന്നിവര്‍ യുനൈറ്റഡിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നുമുണ്ട്. സ്വന്തം കാണികള്‍ക്കു മുന്നില്‍ സിറ്റിയെ വീഴ്ത്താനാവുമെന്നു തന്നെയാണ് ജോസ് മൊറീഞ്ഞോയും സംഘവും പ്രതീക്ഷിക്കുന്നത്. ഏറ്റവുമൊടുവില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയത് കഴിഞ്ഞ ഏപ്രില്‍ 27നായിരുന്നു.174 തവണയാണ് ഡെര്‍ബികളുണ്ടായിട്ടുള്ളത്. ഇതില്‍ 72 തവണയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ  ചുണക്കുട്ടികള്‍ വിജയം പിടിച്ചെടുത്തത്.

RELATED STORIES

Share it
Top