ഇന്നലെ എത്തിയത് രണ്ട് യുവതികള്‍

പമ്പ: ശബരിമലയില്‍ പ്രവേശിക്കാന്‍ വെള്ളിയാഴ്ച രാവിലെ എത്തിയത് രണ്ടു യുവതികള്‍. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും ഇരുമുടിക്കെട്ടേന്തി മലയാളിയായ രഹ്‌ന ഫാത്തിമയുമാണ് നടപ്പന്തല്‍ വരെ പോയത്. എന്നാല്‍, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും ഇവിടെ നിന്നു പിന്തിരിയുകയായിരുന്നു. ആന്ധ്ര സ്വദേശിനിയായ കവിത മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപോര്‍ട്ടറാണ്.
ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് കവിത പോലിസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യാത്രയ്ക്കു തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പോലിസ് അറിയിച്ചു.
ഹെല്‍മറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ യാത്ര. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതികളുമായി ശബരിമലയിലേക്ക് തിരിച്ചത്. തുടര്‍ന്ന് ഇവര്‍ നടപ്പന്തലിലേക്ക് എത്തിയപ്പോള്‍ ശബരിമല തന്ത്രിയുടെ പരികര്‍മികള്‍ പൂജ നിര്‍ത്തിവച്ച് 18ാം പടിക്ക് താഴെ പ്രതിഷേധിക്കാന്‍ തുടങ്ങി.
ഈ സമയം, ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ ശബരിമലയെ കാണരുതെന്നും യുവതികള്‍ക്കുള്ള പോലിസ് സംരക്ഷണം പിന്‍വലിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇത് ഐജി യുവതികളെ അറിയിക്കുകയും ഇവര്‍ തിരിച്ചിറങ്ങുകയുമായിരുന്നു. പിന്നീട് മല കയറാന്‍ വന്ന 46കാരി മേരി സ്വീറ്റിയും തിരിച്ചിറങ്ങി.

RELATED STORIES

Share it
Top