ഇന്ധന വിലവര്‍ധന: സംസ്ഥാനത്ത്ഹര്ത്താല് പൂര്‍ണം
kasim kzm2018-09-11T06:13:36+05:30
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണം. ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചാല്‍ പൊതുവെ ശാന്തമായിരുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി സര്‍വീസും നിലച്ചു. ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിച്ചില്ല. സ്കൂളുകളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഓഫിസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. കൊല്ലം പത്തനാപുരത്ത് നിരത്തില്‍ വാഹനമിറക്കിയ വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെയും മറ്റൊരു പോലിസ് ഉദ്യോഗസ്ഥനെയും ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു. 18 ശതമാനം ഹാജര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ രേഖപ്പെടുത്തിയത്. നേതാക്കളടക്കം കാല്‍നടയായാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. കൊച്ചി മെട്രോ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കെഎസ്ആര്‍ടിസി അടക്കം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് നിരത്തിലിറങ്ങാതായതോടെ റെയില്‍വേ സ്റ്റേഷനിലും എയര്പോര്ട്ടിലുമെത്തിയ ജനങ്ങള്‍ വലഞ്ഞു. പോലിസ് സംരക്ഷണമില്ലാത്തതിനാല്‍ ഇതരസംസ്ഥാന ബസ്സുകളും സര്‍വീസ് നടത്താന്‍ തയ്യാറായില്ല. അതേസമയം, പോലിസിന്റെ നേതൃത്വത്തില്‍ സമാന്തര സര്‍വീസ് നടത്തിയത് മെഡിക്കല്‍ കോളജിലേക്കും ആര്‍സിസി അടക്കമുള്ളയിടങ്ങളിലേക്കും എത്തേണ്ടവര്‍ക്ക് ആശ്വാസമായി. കോഴിക്കോട് നഗരത്തിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് മുന്നണികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പല സ്ഥലത്തും പ്രാവര്‍ത്തികമായില്ല.