ഇന്ധന വിലവര്‍ധന; തിങ്കളാഴ്ച ഭാരത് ബന്ദ്‌

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ ഭാരത് ബന്ദ്. ബന്ദിനോട് സഹകരിക്കാമെന്ന് മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഇന്ധന വിലവര്‍ധനയില്‍ പൊറുതിമുട്ടിയ രാജ്യത്തെ ജനങ്ങളുടെ വികാരമായിരിക്കും ബന്ദില്‍ പ്രതിഫലിക്കുകയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്ത്യന്‍ രൂപ ഏഷ്യയിലെ തന്നെ ഏറ്റവും വിലകുറഞ്ഞ കറന്‍സിയായിട്ടും പ്രധാനമന്ത്രിക്കോ ധനമന്ത്രിക്കോ ഒരാശങ്കയുമില്ല. 2014ല്‍ ഡീസല്‍ വില ലിറ്ററിന് 44 രൂപയായിരുന്നത് ഇപ്പോള്‍ 71 രൂപയായി. 2014 മേയില്‍ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 9 രൂപയായിരുന്നത് ഇപ്പോള്‍ 19 രൂപയായി. ആ സമയം ഡീസലിന്റെ എക്‌സൈസ് നികുതി മൂന്നു രൂപയായിരുന്നത് ഇന്ന് ഏകദേശം 15 രൂപയായും ഉയര്‍ന്നു.
പാചകവാതകത്തിന്റെ വില 400 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ന്നതും മോദി സര്‍ക്കാരിന്റെ ഭരണകാലത്താണ്. രാജ്യത്ത് ഇന്ധനവില ഇത്രയധികം വര്‍ധിച്ചിട്ടും മോദി സര്‍ക്കാര്‍ മറ്റു രാജ്യങ്ങള്‍ക്ക് ഡീസല്‍ ലിറ്ററിന് 34 രൂപയ്ക്കും പെട്രോള്‍ ലിറ്ററിന് 37 രൂപയ്ക്കുമാണ് വില്‍ക്കുന്നതെന്ന് വിവരാവകാശപ്രകാരം വെളിപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സിപിഎം, സിപിഐ, സിപിഐ(എംഎല്‍) ലിബറേഷന്‍, എസ്‌യുസിഐ(സി), ആര്‍എസ്പി എന്നീ ഇടതു പാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top