ഇന്ധന വിലവര്‍ധന എസ്ഡിടിയു ട്രെയിന്‍ തടയല്‍ സമരത്തില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്/ആലപ്പുഴ/തിരുവനന്തപുരം: ഇന്ധന വിലവര്‍ധന നിയന്ത്രിക്കുക, തൊഴിലാളിവിരുദ്ധ ജനദ്രോഹനടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത ട്രെയിന്‍ തടയല്‍ സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധമിരമ്പി.
രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജാതീയത സൃഷ്ടിച്ച് കലാപങ്ങള്‍ നടത്തുകയും ആയുധ ഇടപാടിലൂടെ ലക്ഷം കോടികളുടെ അഴിമതി നടത്തുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും മഹത്തായ ഇന്ത്യന്‍ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എ വാസു പറഞ്ഞു. കോഴിക്കോട്ട് നടന്ന ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട്, ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, നിയാസ് കണ്ണൂര്‍, സലാം കൊണ്ടോട്ടി, ഫിര്‍ഷാദ് കമ്പിളിപറമ്പ്, സിദ്ദീഖ് ഈര്‍പ്പോണ, ഗഫൂര്‍ വെള്ളയില്‍ അഭിവാദ്യമര്‍പ്പിച്ചു.
പൊതുമേഖലയും തൊഴിലിടങ്ങളും സ്വകാര്യവല്‍ക്കരിക്കുന്ന മോദി സര്‍ക്കാരിനെതിരേയുള്ള തൊഴിലാളിവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കമാണ് ഈ സമരമെന്ന് ആലപ്പുഴയിലെ ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. സംസ്ഥാനസമിതിയംഗം പി പി മൊയ്തീന്‍കുഞ്ഞ്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, നവാസ് കായംകുളം, ഫസല്‍ റഹ്മാന്‍, മുഹമ്മദ് സാലി, ഷാജിര്‍ കോയമോന്‍, അന്‍സാര്‍ അഭിവാദ്യമര്‍പ്പിച്ചു.
തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീ ന്‍ തച്ചോണം സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കമ്മന, സംസ്ഥാനസമിതിയംഗം അഷ്‌റഫ് ചുങ്കപ്പാറ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, ജലീല്‍ കരമന, ഷാജഹാന്‍ കുന്നംപുറം, റിയാഷ് കുമ്മണ്ണൂര്‍, നിസാര്‍ പരുത്തിക്കുഴി അഭിവാദ്യമര്‍പ്പിച്ചു.

RELATED STORIES

Share it
Top