ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ എസ്ഡിപിഐ സമരം നാളെ

ഇടുക്കി: ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നടത്തുമെന്നു പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരത്തിന്റെ ഭാഗമായി 2018 മാര്‍ച്ച് അഞ്ച് തിങ്കളാഴ്ചയാണ് ജില്ലയില്‍ പ്രതിഷേധം നടത്തുന്നത്. തൂക്കുപാലം, അടിമാലി, തൊടുപുഴ, വണ്ടിപ്പെരിയാര്‍ എന്നീ മേഖലകളില്‍ രാവിലെ 9.30 മുതല്‍ 9.40 വരെ ബഹുജന പങ്കാളിത്തത്തോടെയാണ് സമരം.
മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കുന്ന സമരത്തില്‍ പ്രവര്‍ത്തകരും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരും ചേര്‍ന്ന് പൊതുനിരത്തില്‍ വാഹനങ്ങള്‍ എന്‍ജിന്‍ ഓഫ് ചെയ്ത് പത്ത് മിനിറ്റ് പ്രതിഷേധിക്കുക എന്ന സമരരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ' നിങ്ങള്‍ എവിടെയാണോ അവിടെ നിങ്ങളുടെ വാഹനം  നിര്‍ത്തിയിട്ട് പ്രതിഷേധ സമരത്തില്‍ പങ്കാളിയാവുക' എന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് ഈ സമരത്തിലൂടെ നല്‍കുന്നത്. വര്‍ധിച്ചുവരുന്ന ഇന്ധനവില വര്‍ധനവിനെതിരേ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിഷേധം അനിവാര്യമായിരിക്കുന്നു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നികുതിക്കൊള്ള തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇരു സര്‍ക്കാരുകളും ചേര്‍ന്ന് ഡീസലിന് 30 രൂപയും പെട്രോളിന് 39 രൂപയുമാണ് നികുതിയിനത്തില്‍ ജനങ്ങളില്‍ നിന്നു പിഴിയുന്നത്. പൊതുജനങ്ങളുടെ പ്രതിഷേധം അധികാരികളില്‍ എത്തിക്കുകയെന്ന ലക്ഷ്യംകൂടി നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരത്തിനുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം എ മുജീബ്, തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി ഷാനവാസ് കീരിയോട്, ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം കല്ലാര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top