ഇന്ധനവില വര്‍ധന: സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം നിലപാട് പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇനിയും ജനങ്ങള്‍ക്ക് ഈ ബാധ്യത താങ്ങാന്‍ കഴിയുന്നതല്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത്. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തതും ഇതിന്റെ ഭാഗമായാണ്. വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി പല മടങ്ങ് വര്‍ധിപ്പിച്ചതാണ് ഡീസല്‍- പെട്രോള്‍ വില വര്‍ധനവിന്റെ അടിസ്ഥാന കാരണം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നികുതിയിളവും സബ്‌സിഡിയും നല്‍കിയാണ് പെട്രോള്‍-ഡീസല്‍ വില രാജ്യത്ത് നിയന്ത്രിച്ചത്. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് ഒമ്പതു രൂപയും ഒരു ലിറ്റര്‍ ഡീസലിന് 12 രൂപയുമാണ് സബ്‌സിഡി നല്‍കിയിരുന്നത്.
ഒരു വര്‍ഷം ഒരു ലക്ഷം കോടി രൂപ വരെ സബ്‌സിഡി നല്‍കി. അങ്ങനെ പെട്രോള്‍- ഡീസല്‍ വില നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചു. അന്ന് ഇന്ധനവിലയുടെ പേരില്‍ സമരം ചെയ്ത ബിജെപി കേന്ദ്രത്തിലും സിപിഎം കേരളത്തിലും ഭരിക്കുന്നു.
ബിജെപിയും സിപിഎമ്മും വിലക്കയറ്റം മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പെട്രോള്‍- ഡീസല്‍ വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടെങ്കിലും അതു ചെയ്യാതെ ഭാരം ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

RELATED STORIES

Share it
Top