ഇന്ധനവില കേന്ദ്രം രണ്ടര രൂപ കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രം രണ്ടര രൂപ കുറച്ചു. കേന്ദ്രസര്‍ക്കാര്‍ നികുതി 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറയ്ക്കുക. തങ്ങളുടെ വാറ്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തവെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കേന്ദ്രം കുറച്ചതിനു തുല്യമായ തുക കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രവും സംസ്ഥാനവും കൂടി തുല്യമായ നിരക്കില്‍ വില കുറച്ചാല്‍ അഞ്ചു രൂപയുടെ കുറവുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ കുറച്ച വില ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍വന്നു.
കേന്ദ്രനിര്‍ദേശത്തിനു പിന്നാലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് സംസ്ഥാന നികുതിയില്‍ 2.50 രൂപയുടെ ഇളവു പ്രഖ്യാപിച്ചത്. ജാര്‍ഖണ്ഡ് ഡീസലിന് മാത്രം രണ്ടര രൂപയുടെ ഇളവു പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ നികുതി കുറച്ചിരുന്നു. ആന്ധ്രപ്രദേശ് ലിറ്ററിന് രണ്ടു രൂപയും രാജസ്ഥാന്‍ നാലു ശതമാനവുമാണ് കുറച്ചത്. അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നാലും കേന്ദ്രത്തിന്റെ വരുമാനം നിശ്ചിതമാണ്. എന്നാല്‍, വില കൂടുമ്പോള്‍ സംസ്ഥാനങ്ങളുടെ വാറ്റ് വരുമാനം കൂടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സമീപകാലത്തായി എണ്ണവില കുതിച്ചുയര്‍ന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ജനങ്ങളെ പേടിച്ചുള്ള വില കുറയ്ക്കലാണിതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ആഴത്തിലുള്ള മുറിവിനു മുകളില്‍ ബാന്‍ഡേജ് ഒട്ടിച്ചു മറയ്ക്കലാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്ദീപ് സുര്‍ജേവാല പറഞ്ഞു. 10 രൂപ നികുതി കൂട്ടിയാണ് കേന്ദ്രം 2.50 രൂപ കുറച്ചിരിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 10 രൂപയെങ്കിലും കുറയ്ക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

കേരളം വില കുറയ്ക്കില്ല

ആലപ്പുഴ: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളം അംഗീകരിക്കില്ലെന്നു മന്ത്രി തോമസ് ഐസക്.
കേന്ദ്രം ഒമ്പതു രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ പൂര്‍ണമായും കുറച്ചശേഷം ആവശ്യപ്പെട്ടാല്‍ സംസ്ഥാനവും കുറയ്ക്കും. കേന്ദ്രത്തിന്റെ നടപടി മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണെന്നും ഐസക് പറഞ്ഞു.

RELATED STORIES

Share it
Top