ഇന്ധനച്ചെലവ് വര്‍ധിച്ചു : ജങ്കാര്‍ നടത്തിപ്പ് പെരുമ്പളം ഗ്രാമപ്പഞ്ചായത്തിന് നഷ്ടമാവുന്നുപൂച്ചാക്കല്‍: പാണാവള്ളി പെരുമ്പളം ഫെറിയില്‍ സര്‍വീസ് നടത്തുന്ന ജങ്കാര്‍ നടത്തിപ്പ് പെരുമ്പളം ഗ്രാമപ്പഞ്ചായത്തിന് നഷ്ടമാവുന്നു. ജങ്കാറിന്റെ റാമ്പിന്റെ നീളവും ഭാരവും വര്‍ധിച്ചതു മൂലം അധികമായി ഇന്ധനം വേണ്ടിവരുന്നതാണ് കാരണം. എ എം  ആരിഫ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിര്‍മിച്ചു പെരുമ്പളം പഞ്ചായത്തിനു നല്‍കിയതാണ് ഐശ്വര്യം എന്നു പേരുള്ള ജങ്കാര്‍. മുന്‍പ് കിന്‍കോയില്‍ നിന്നും വാടകയ്ക്ക് എടുത്ത ജങ്കാര്‍ സര്‍വീസ് നടന്നിരുന്നപ്പോള്‍ പ്രതിദിനം 110 ലീറ്റര്‍ ഇന്ധനം മതിയായിരുന്നു. ഐശ്വര്യം ജങ്കാര്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ 145 ലീറ്ററോളം ഇന്ധനം ആവശ്യമാവുന്നെന്ന് പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെഎസ് ഷിബു പറയുന്നു.  9500 രൂപ ഇന്ധനചെലവിനു വേണം. തൊഴിലാളികളുടെ ശമ്പളം വേറെയും വേണം. 15000 രൂപയാണ് ശരാശരി വരുമാനം. ഇതാണ് നഷ്ടങ്ങളുടെ കാരണം. പ്രതിദിനം 10100 രൂപയ്ക്ക് ജങ്കാര്‍ നടത്തിപ്പിന് പെരുമ്പളം ഗ്രാമപ്പഞ്ചായത്ത് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും നഷ്ടം മനസ്സിലാക്കി ആരും വന്നില്ല. 8500 രൂപയാക്കി കുറച്ച് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സേവനം കൂടിആയതിനാല്‍ പഞ്ചായത്തിന് ജങ്കാര്‍ സര്‍വീസ് നടത്തിയേ സാധിക്കുകയുള്ളു. പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് വാഹനങ്ങളുമായി മറ്റു സ്ഥലങ്ങളിലേക്കു പോവാന്‍ വേറെ വഴികളില്ല.

RELATED STORIES

Share it
Top