ഇന്ധനക്ഷാമം; കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ താറുമാറായി

കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ധന ക്ഷാമം രൂക്ഷമായതോടെ ട്രിപ്പുകള്‍ മുടങ്ങി യാത്ര താറുമാറായി. കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ ഇന്നലെ രാവിലെയോടെ ഡീസല്‍ തീര്‍ന്നതിനാല്‍ നിരവധി ട്രിപ്പുകളാണ് മുടക്കിയത്. തലശ്ശേരി ഡിപ്പോയില്‍ എത്തിയാണ് കണ്ണൂരില്‍ നിന്നുള്ള ചില ബസ്സുകള്‍ ഡീസല്‍ നിറച്ചത്. ഉച്ചയോടെ ഇവിടെയും ഇന്ധനം തീര്‍ന്നതോടെ രാത്രികാല സര്‍വീസുകളെ സാരമായി ബാധിച്ചു. ഇന്നലെ രാവിലെ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു പുറപ്പെടേണ്ട എല്ലാ ബസ്സുകളും മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് തുടങ്ങിയത്. കണ്ണൂര്‍ ഡിപ്പോയില്‍ മാത്രം 10 ട്രിപ്പുകള്‍ മുടങ്ങി. വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. പയ്യന്നൂര്‍ ഡിപ്പോയില്‍ 5000 കിലോമീറ്റര്‍ യാത്രയാണ് വെട്ടിച്ചുരുക്കിയത്. ഇവിടെ ആകെയുള്ള 90 ഷെഡ്യൂളുകളില്‍ 35 എണ്ണവും മുടങ്ങി. രാത്രിയില്‍ പുറപ്പെട്ട് രാവിലെ തിരിച്ചെത്തുന്ന സ്‌റ്റേ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് യാത്രക്കാരെ ബാധിച്ചു. ഓഫിസിലും മറ്റ് ആവശ്യത്തിനുമായി സ്ഥിരമായി കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കുന്ന പലരും ബുദ്ധിമുട്ടി. കെഎസ്ആര്‍ടിസി മാത്രമുള്ള മലയോര മേഖലയിലെ പല റൂട്ടിലും ബസ്സോട്ടം നിലച്ചത് യാത്രക്കാരെ വലച്ചു. കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസ്സുകളും വൈകിയാണ് ഓടിയത്.ഡിപ്പോകള്‍ക്ക് അനുവദിച്ച ഡീസല്‍ ചുരുക്കിയതാണ് ക്ഷാമത്തിന് കാരണം. നേരത്തേ ഒരു ഡിപ്പോയ്ക്ക് 6500 ലിറ്റര്‍ അനുവദിച്ച സ്ഥാനത്ത് ഇപ്പോള്‍ 5120 ലിറ്റര്‍ മാത്രമാണ് അനുവദിക്കുന്നത്. പയ്യന്നൂര്‍ ഡിപ്പോയില്‍ ഇപ്പോള്‍ ഒരാഴ്ചത്തേക്ക് 36000 ലിറ്ററാണു നല്‍കുന്നത്. രണ്ടു ദിവസത്തേക്ക് മാത്രം 13000 ലിറ്റര്‍ വേണ്ടിടത്താണ് ഇത്രയും കുറച്ചത്. രണ്ടാഴ്ചയില്‍ മൂന്ന് ലോഡ് മാത്രമാണ് അയക്കുന്നത്. അത്രയും ഇന്ധനം കൊണ്ട് ക്രമീകരിക്കാനാണ് നിര്‍ദേശം. ഇന്ധനം വാങ്ങുന്നത് കുറച്ചതോടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ഇതാണവസ്ഥ. ഒരാഴ്ചയോളമായി ഇത്തരത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ പല ഡിപ്പോകളിലും സര്‍വീസ് താറുമാറായിരിക്കുകയാണ്. ഉച്ചയ്ക്കു ശേഷമുള്ള ട്രിപ്പുകളില്‍ കലക്ഷന്‍ കുറഞ്ഞ മേഖലകളിലേക്കുള്ളവയെല്ലാം നിര്‍ത്തലാക്കുകയാണ്. അതേസമയം, 20000 ലിറ്റര്‍ ഡീസല്‍ കണ്ണൂര്‍ ഡിപ്പോയില്‍ വൈകീട്ടോടെ എത്തിയെന്നും ക്ഷാമത്തിനു താല്‍ക്കാലിക പരിഹാരമായെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു. എന്നാല്‍, ക്രമീകരിച്ച അളവില്‍ മാത്രം ഇന്ധനമെത്തിയതിനാല്‍ വരുംദിവസങ്ങളിലും പ്രതിസന്ധി തുടരാനാണു സാധ്യത.

RELATED STORIES

Share it
Top