ഇന്ദ്രപുരിയില്‍ ട്രംപിന്റെ കണ്ണുരുട്ടല്‍

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
അമേരിക്കയെ ലോക പോലിസ് എന്നു പറഞ്ഞ് കമ്മ്യൂണിസ്റ്റുകള്‍ ആക്ഷേപിച്ചിരുന്നു. അക്കാലത്ത് അമേരിക്കയുടെ വക യുദ്ധങ്ങളും ഭീഷണിയും ഒക്കെ ധാരാളമായി ഉണ്ടായിരുന്നു. സിഐഎ ഒളിഞ്ഞും തെളിഞ്ഞും മറ്റു രാജ്യങ്ങളുടെ ഭരണത്തില്‍ കൈകടത്തിയിരുന്നു. ഇഷ്ടമില്ലാത്ത ഭരണാധികാരികളെ അട്ടിമറിക്കാന്‍ പലവിധ പരിപാടികളും നടത്തിയിരുന്നു.ആഫ്രിക്കയിലെ പാട്രിസ് ലുമുംബയെ അങ്ങനെയാണ് അവര്‍ കൊന്നുകളഞ്ഞത്. ലുമുംബ കരുത്തനായ നേതാവായിരുന്നു. അമേരിക്കയുടെ കണ്ണിലെ കരട്. ലാറ്റിനമേരിക്കയില്‍ ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെ തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്നപ്പോഴും അമേരിക്കയിലെ ഏമാന്മാര്‍ക്കു സഹിച്ചില്ല. അവിടെയും സിഐഎയുടെ കൈക്രിയ നടന്നു. അലന്‍ഡെ ഭരണം അട്ടിമറിച്ചു. അദ്ദേഹം സ്വന്തം വായിലേക്ക് വെടിവച്ച് ആത്മഹത്യ ചെയ്തു എന്നാണു പറയുന്നത്. ഏതായാലും അമേരിക്കയുടെ ഇഷ്ട കഥാപാത്രം പിനോഷെ എന്ന പട്ടാളക്കാരന്‍ ഭരണാധികാരിയായി. പിന്നെ പതിറ്റാണ്ടുകള്‍ അവിടെ പട്ടാളഭരണമാണു നടന്നത്. ആയിരക്കണക്കിനു രാഷ്ട്രീയ എതിരാളികളെയാണ് കൊന്നുതള്ളിയത്. ഒരു ചോദ്യവും                        ഉത്തരവും ഉണ്ടായില്ല. അമേരിക്കയ്ക്ക്                       യാതൊരു പരാതിയും പരിഭവവും ഉണ്ടായില്ല.ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു അവരുടെ കണ്ണിലെ കരട്. കാസ്‌ട്രോയെ കൊല്ലാന്‍ പദ്ധതികള്‍ പലതും ആവിഷ്‌കരിച്ചു. ചുരുട്ടില്‍ വിഷം കയറ്റിയും ഉറക്കത്തില്‍ കഴുത്തുവെട്ടിയുമൊക്കെ കൊല്ലാന്‍ പദ്ധതികള്‍ പലതും ഉണ്ടായിരുന്നു. പക്ഷേ, കാസ്‌ട്രോയെ തൊടാന്‍ കഴിഞ്ഞില്ല. പക്ഷേ, ക്യൂബയെ ആഭ്യന്തരമായും സാമ്പത്തികമായും അട്ടിമറിക്കാന്‍ പല അടവുകളും പ്രയോഗിച്ചു. കുറേയൊക്കെ വിജയിക്കുകയും ചെയ്തു.ഇറാന്‍ ആയിരുന്നു മറ്റൊരു നിതാന്ത ശത്രു. അമേരിക്കയുടെ സ്വന്തം ഷാ റിസാ പഹ്്‌ലവിയെ ജനം കെട്ടുകെട്ടിച്ച് ആയത്തുല്ലാ ഖുമൈനി ഭരണം തുടങ്ങിയ കാലം മുതലേ ഇറാനെ കണ്ണെടുത്താല്‍ കണ്ടുകൂടാ. അട്ടിമറിപ്പണി ഒന്നും പക്ഷേ വിജയിച്ചില്ല. സദ്ദാം ഹുസയ്‌നും ഉത്തര കൊറിയയും ആയിരുന്നു വേറെ രണ്ടു ശത്രുക്കള്‍. സദ്ദാം ഹുസയ്‌നെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ നാട് പല കള്ളന്യായങ്ങള്‍ പറഞ്ഞ് ആക്രമിച്ചു പിടിച്ചെടുത്ത് നശിപ്പിച്ചു. ഉത്തര കൊറിയയെ അങ്ങനെ പൂട്ടാന്‍ ശ്രമം പലതും നടത്തിയെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ കൊറിയയെ കാശും പണവും പദവിയും കൊടുത്ത് കീഴടക്കാമെന്ന മനപ്പായസം ഉണ്ടു കഴിയുകയാണ് വല്യശമാനന്‍.ഇപ്പോള്‍ ദേഷ്യം മുച്ചൂടും ഇറാനോടാണ്. ഇറാനെ തകര്‍ക്കാനുള്ള നീക്കം പൊളിഞ്ഞപ്പോള്‍ അവരുമായി ആണവസഖ്യത്തിനു തയ്യാറായി. വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഒബാമയുടെ കാലത്ത് അതിനു തീരുമാനിച്ചത്.പിന്നീട് ട്രംപ് വന്ന് കരാര്‍ അട്ടിമറിച്ചു. ഇറാന്‍ കിടുങ്ങിപ്പോവുമെന്നാണ് ടിയാന്‍ കരുതിയത്. പക്ഷേ, ഇറാന്‍ അനങ്ങുന്ന ലക്ഷണമില്ല. കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ തങ്ങള്‍ വീണ്ടും അണ്വായുധ പരിപാടിയുമായി മുന്നോട്ടുപോവും എന്നാണ് അവര്‍ പറയുന്നത്. അതാണു ശരിയും ബുദ്ധിയും. അമേരിക്കയ്ക്കു മനസ്സിലാവുന്ന ഭാഷ കരുത്തിന്റേതാണ്. അണുബോംബ് കൈയിലുള്ള രാജ്യത്തെ അവര്‍ക്കു പേടിയാണ്. ഉത്തര കൊറിയക്ക് അത് ആദ്യമേ മനസ്സിലായി. അവര്‍ ഡസന്‍ കണക്കിന് ബോംബും മിസൈലും നിര്‍മിച്ച് പെട്ടിയില്‍വച്ച ശേഷമാണ് ചര്‍ച്ചയ്ക്കു പോയത്.ഇറാനുമായി അമേരിക്ക കരാറുണ്ടാക്കിയപ്പോള്‍ ചൈനയും ഇന്ത്യയും റഷ്യയും ജര്‍മനിയും ഒക്കെ അവരുമായി പല വ്യാപാര ഉടമ്പടികളും ഉണ്ടാക്കിയിരുന്നു. അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് അതൊക്കെ നടന്നത്. ഇപ്പോള്‍ അമേരിക്ക ഏകപക്ഷീയമായി പറയുന്നു, ഒരു കരാറും പാടില്ല എന്ന്. ഉണ്ടാക്കിയ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങണം.പറ്റില്ലെന്ന് ചൈനയും റഷ്യയും നേരത്തേ പറഞ്ഞു. ഇന്ത്യയും പറഞ്ഞു, പറ്റില്ലെന്ന്. മാന്യമായി ഉണ്ടാക്കിയ കരാറാണ്. എണ്ണ വാങ്ങാനാണ് കരാര്‍. അത് ഇന്ത്യക്ക് ആവശ്യവുമാണ്. അപ്പോള്‍ ഭീഷണിയുമായി ട്രംപ് ആളെ ഡല്‍ഹിയിലേക്കു വിട്ടിരിക്കുകയാണ്. നിക്കി ഹാലി എന്ന പെണ്ണുമ്പിള്ളയാണ് ഡല്‍ഹിയില്‍ വന്ന് മോദിയുടെ നേരെ കണ്ണുരുട്ടിയത്. ഭീഷണി ഫലിച്ചു എന്നാണു കേള്‍ക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നിന്നു പിന്തിരിയാനാണത്രേ ഇന്ത്യയുടെ പരിപാടി. നാടിന്റെ നാണക്കേട് എന്നല്ലാതെ എന്തു പറയാന്‍? സായിപ്പ് കണ്ണുരുട്ടിയാല്‍ മാറുന്ന വിദേശനയമാണോ ഇന്ത്യക്ക് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതെ എന്നു മാത്രമാണ് ഉത്തരം.          ി

RELATED STORIES

Share it
Top