ഇന്ദു മല്‍ഹോത്ര സുപ്രിംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രിംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്നലെയാണ് നിയമനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയത്. അഭിഭാഷകര്‍ക്കിടയില്‍ നിന്ന് സുപ്രിംകോടതി ജഡ്ജിയായി നേരിട്ടു നിയമനം ലഭിക്കുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര.ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ജനുവരി 22നാണ് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ നിയമനകാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ് ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. സുപ്രിംകോടതിയിലെ ഏഴാമത്തെ വനിതാ ജഡ്ജിയായാണ് ഇന്ദു മല്‍ഹോത്ര. നിലവില്‍ ആര്‍ ഭാനുമതിയാണ് സുപ്രിംകോടതിയിലെ ഏക വനിതാ ജഡ്ജി. സ്വാതന്ത്ര്യത്തിനുശേഷം ആര്‍ ഭാനുമതിയടക്കം ആറു വനിതകള്‍ മാത്രമാണ് സുപ്രിംകോടതി ജഡ്ജിമാരായിരുന്നിട്ടുള്ളത്. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യ 39 വര്‍ഷം ഒരു വനിതാ ജഡ്ജിപോലും ഉണ്ടായിരുന്നില്ല. 1989ലാണ് സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കേരളത്തിലെ പത്തനംതിട്ട സ്വദേശി ഫാത്തിമാ ബീവി നിയമിതയായത്. പിന്നീട് ജസ്റ്റിസ് സുജാത മനോഹര്‍, ജസ്റ്റിസ് റുമ പാല്‍, ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര, ജസ്റ്റിസ് രഞ്ജന ദേശായി എന്നിവരും സുപ്രിംകോടതി ജഡ്ജിമാരായിരുന്നു.
1956 മാര്‍ച്ച് 14ന് ബംഗളൂരുവില്‍ ജനിച്ച ഇന്ദു മല്‍ഹോത്ര ന്യൂഡല്‍ഹിയിലെ കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂള്‍, ലേഡി ശ്രീറാം കോളജ്, ഡല്‍ഹി സര്‍വകലാശാലയിലെ നിയമ പഠനവിഭാഗം എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1983ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1988ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. 1991-96 കാലയളവില്‍ സുപ്രിംകോടതിയില്‍ ഹരിയാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു.

RELATED STORIES

Share it
Top