ഇന്ദുലേഖയുടെ സ്ഥാനത്ത് സുഹ്‌റയെ പ്രതിഷ്ഠിച്ചതാണ് ബഷീറിന്റെ പ്രത്യേകതയെന്ന്‌

കോഴിക്കോട്: മലയാള സാഹിത്യലോകത്ത് ഇന്ദുലേഖയുടെ സ്ഥാനത്ത് സുഹ്‌റയെ പ്രതിഷ്ഠിച്ചു എന്നതാണ്  ബഷീറിന്റെ പ്രസക്തി എന്ന് എഴുത്തുകാരന്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്. ബഷീറനെ കുറിച്ച് 83 നിരൂപണഗ്രന്ഥങ്ങളുണ്ടാ—യിട്ടുണ്ട് എന്നതുതന്നെ മലയാളസാഹിത്യത്തില്‍ ബഷീറിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കേരളസാഹിത്യ അക്കാദമിയും ബാങ്ക്‌മെന്‍സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ബഷീറിന്റെ ലോകം എന്ന സെമിനാറില്‍ ബഷീര്‍ സാഹിത്യത്തിന്റെ ജനകീയത എന്നവിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു.
ബി എം സുഹ്‌റ ബഷീറും സ്ത്രീകളും എന്ന വിഷയവും, ഷബിത ബഷീറിന്റെ പാരിസ്ഥിതിക അവബോധം എന്ന വിഷയവും അവതരിപ്പിച്ചു.ബഷീര്‍ ക്വിസ് മല്‍സരത്തില്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. നടക്കാവ് ഗേള്‍സ് സ്‌കൂളിലെ ദേവിക ആര്‍, മെഹ്‌ന കെ എന്നിവര്‍ ഒന്നാം സ്ഥനവും നന്മണ്ട എയുപി സ്‌കൂളിലെ ഹരിചന്ദന എസ്, ദേവഗംഗ എസ് എന്നിവര്‍ രണ്ടാംസ്ഥാനവും ഉണ്ണികുളം ജിയുപിസ്‌കൂളിലെ ദേവപ്രിയ പി കെ, പാര്‍വണേന്ദു എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വൈകീട്ട് ബഷീര്‍ കഥാപാത്രങ്ങളുടെ നഗരപ്രദക്ഷിണവും നടന്നു. പാത്തുമ്മയുടെ ആടും എട്ടുകാലി മമ്മൂഞ്ഞും സാറാമ്മയും കേശവന്‍നായരും ഗ്രാമഫോണ്‍ പെട്ടിയും സോജാരാജകുമാരി എന്ന പാട്ടുമെല്ലാമായി സംഘം നഗരം ചുറ്റി. എസ് കെ പ്രതിമയുടെ അടുത്തെത്തി. ബഷീറിന്റെയും എസ്‌കെയുടെയും സൗഹൃദം പുതുക്കിയാണ് കഥാപാത്രങ്ങള്‍ ടൗണ്‍ഹാളില്‍ തിരികെയെത്തിയത്. മികച്ച കോളജ് മാഗസിനുള്ള ബഷീര്‍ അവാര്‍ഡ്ദാനവും നടന്നു. എം എന്‍ കാരശ്ശേരി, കെ ഇ എന്‍ കുഞ്ഞഹമ്മദ് സംബന്ധിച്ചു.

RELATED STORIES

Share it
Top