ഇന്ദിരാനഗര്‍ വെണ്ടേക്കുംപൊയില്‍ റോഡ്; നിര്‍മാണത്തില്‍ ക്രമക്കേടെന്ന്

നാദാപുരം: നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ഇന്ദിരാ നഗര്‍ വെണ്ടേക്കും പൊയില്‍ റോഡ് നിര്‍മാണത്തില്‍ അപാകത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. മലയോര മേഖലയില്‍ ജില്ലാ പഞ്ചായത്താണ് റോഡ് നിര്‍മാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചത്. ഇത് പ്രകാരം 715 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍ . നിര്‍മാണ ഘട്ടത്തില്‍ തന്നെ അസംസ്‌കൃത വസ്തുക്കളുടെ കുറവ് ഉള്ളതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നുവത്രെ. എന്നാല്‍ കരാറുകാരന്‍  ഇത് ചെവിക്കൊണ്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളില്‍ പെയ്ത മഴയില്‍ റോഡില്‍ പലയിടത്തും കോണ്‍ക്രീറ്റ് തകര്‍ന്ന് മെറ്റല്‍ ഇളകിയ നിലയിലാണ്. റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.അതേസമയം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വസ്തുതക്ക് നിരക്കാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കോണ്‍ക്രീറ്റ് മിക്‌സ് ചെയ്തപ്പോഴുണ്ടായ തകരാറാണ് മെറ്റല്‍ ഇളകാന്‍ കാരണം എന്നും ഇക്കാര്യം കരാറുകാരന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റ പ്പണി നടത്തുമെന്നും വാര്‍ഡ് മെംബര്‍ പറഞ്ഞു.
എന്നാല്‍ റോഡ് പ്രവൃത്തിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതെ പ്രവൃത്തി നടത്തിയതിനാലാണ് ചെറിയ മഴയില്‍ തന്നെ റോഡ് തകരാന്‍ ഇടയാക്കിക്കിയതെന്നും റോഡ് പ്രവൃത്തിയില്‍ അഴിമതി നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top