ഇന്ത്യ 7.3 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തും: ലോകബാങ്ക്‌

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പ്രതികൂല അവസ്ഥ നിലനില്‍ക്കെ തന്നെ നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക് റിപോര്‍ട്ട്. 2019-20 കാലഘട്ടത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 7.5 ശതമാനമായി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ലോക ബാങ്കിന്റെ ഏഷ്യ ഇക്കണോമിക്‌സ് ഫോക്കസ് റിപോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷത്തിലൊരിക്കലാണ് ലോകബാങ്ക് ഈ റിപോര്‍ട്ട് തയ്യാറാക്കുക. 6.7 ശതമാനമായിരുന്നു 2015ലെ വളര്‍ച്ചാനിരക്ക്.
എന്നാല്‍, വളര്‍ച്ചാനിരക്ക് നിലനിര്‍ത്തണമെങ്കില്‍ ഒരോ വര്‍ഷവും 81 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടിവരുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവില്‍ രാജ്യത്തുള്ള തൊഴിലവസരങ്ങളും ഉദ്യോഗാര്‍ഥികളുടെ എണ്ണവും കണക്കാക്കിയതുപ്രകാരം ഓരോ വര്‍ഷവും 13 ലക്ഷം ഉദ്യോഗാര്‍ഥികളാണ് രാജ്യത്തുണ്ടാവുന്നതെന്നും ലോകബാങ്ക് കണക്കുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്ത്രീതൊഴിലാളികളില്‍ കുറവുവന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.  സ്വകാര്യ നിക്ഷേപത്തിലും ഉപഭോഗത്തിലും സ്ഥിരത തിരിച്ചുപിടിക്കുമെന്നും ആഗോള വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ നിക്ഷേപവും കയറ്റുമതിയും ത്വരിതപ്പെടുത്തണമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top