ഇന്ത്യ ഹിന്ദുക്കളുടേത്: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

മുസഫര്‍നഗര്‍: മുസ്‌ലിംവിരുദ്ധ പരാമര്‍ശവുമായി വീണ്ടും ബിജെപി എംഎല്‍എ വിക്രം സൈനി. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും അതിനാലാണ് ഹിന്ദുസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നതെന്നുമായിരുന്നു കട്ടൗലി എംഎല്‍എ ആയ സൈനിയുടെ പ്രസ്താവന. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനി മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. ഉത്തരവാദിത്തമില്ലാത്ത ചില നേതാക്കളാണ് വിഭജനത്തിനു ശേഷം മുസ്‌ലിംകളെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചത്. ഇത്തരം നേതാക്കളുടെ നിരുത്തരവാദപരമായ നടപടിമൂലം രാജ്യത്തെ ഹിന്ദുക്കള്‍ ഇന്നും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അന്ന് ഇതിനനുവദിച്ചിരുന്നില്ലെങ്കില്‍ കോടിക്കണക്കിനുള്ള ഈ സ്വത്തുക്കളുടെയെല്ലാം ഉടമ ഹിന്ദുക്കളായേനെയെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍, തന്റെ പ്രസ്താവനയെ ന്യായീകരിച്ച് എംഎല്‍എ ഇന്നലെ രംഗത്തെത്തി. പ്രസ്താവന മുസ്‌ലിംകള്‍ക്കെതിരേ അല്ലെന്നും കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തോട് പാകിസ്താന്‍ കാണിച്ച നീതികേടിനെതിരേയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. 2013ലെ മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതിയും ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെടുകയും ചെയ്ത സൈനി, ഗോവധം നടത്തുന്നവരുടെ കൈകാലുകള്‍ തല്ലിയൊടിക്കണമെന്നതടക്കമുള്ള വിവാദ പരാമര്‍ശങ്ങളും നേരത്തേ നടത്തിയിരുന്നു.

RELATED STORIES

Share it
Top