ഇന്ത്യ-സൗദി ഹജ്ജ് കരാറായി;കപ്പല്‍ യാത്രയ്ക്ക് അനുമതിനിഷാദ്  അമീന്‍

ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സൗദിയുടെ അനുമതി. തുടര്‍നടപടികള്‍ ഉടനെ കൈക്കൊള്ളുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തണമെന്ന് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബെന്‍തനുമായി നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഈ വര്‍ഷത്തെ ഇന്ത്യന്‍ ക്വാട്ടയില്‍ മാറ്റമില്ല. 1,70,025 പേരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിനു പോവുക. ഇതില്‍ 1,25,025 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയും പുണ്യഭൂമിയിലെത്തും. ഹജ്ജുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇന്ത്യന്‍ സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും നഖ്‌വി പറഞ്ഞു. കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനു സാങ്കേതിക പ്രയാസങ്ങളുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും കരിപ്പൂരുമായി തനിക്ക് വൈകാരിക ബന്ധമാണുള്ളതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ വച്ച് പൂര്‍ത്തിയാക്കുന്നതിനു സൗദി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുകയാണ്. ഹാജിമാര്‍ക്ക് ഇന്ത്യയിലെ ഹജ്ജ് എംബാര്‍ക്കേഷനുകളില്‍ നിന്ന് താല്‍പര്യമുള്ളവ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. അതതു സംസ്ഥാനങ്ങളില്‍ നിന്നുതന്നെ യാത്ര പുറപ്പെടേണ്ടതില്ല. ചെലവു കുറഞ്ഞ വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കാം. ഈ വര്‍ഷം  3,60,000 അപേക്ഷകളാണ് ലഭിച്ചത്. ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ നടപടിക്രമങ്ങളെല്ലാം ഇത്തവണ നൂറു ശതമാനം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top