ഇന്ത്യ- ശ്രീലങ്ക അണ്ടര്‍ 19 ടെസ്റ്റ്; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം


കൊളംബോ: ശ്രീലങ്കക്കെതിരായ ആദ്യ അണ്ടര്‍ 19 യൂത്ത് ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് മിന്നും ജയം. ഇന്നിങ്‌സിനും 21 റണ്‍സിനുമാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഒന്നാം ഇന്നിങ്‌സില്‍ 244 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യന്‍ കൗമാരം മറുപടിയില്‍ 589 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 345 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്കയെ 10 വിക്കറ്റിനുള്ളില്‍ 324 റണ്‍സിന് പിടിച്ചുകെട്ടിയതോടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വെന്നിക്കൊടി നാട്ടുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സ് നേടുകയും രണ്ടിന്നിങ്‌സുകളിലുമായി ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആയുഷ് ബഡോനിയാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിയത്.
ഇന്നലെ മൂന്നിന് 177 എന്ന നിലയില്‍ നിന്നും ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്ക് വേണ്ടി നുവനിദു ഫെര്‍ണാണ്ടോയും(78) സൂര്യ ബന്ദാനയും(36) മെന്‍ഡിസും (37) ചെറുത്തു നിന്നെങ്കിലും ടീമിനെ പരാജയത്തില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്‌സില്‍ നിഷാന്‍ മധുശങ്ക (104), നുവനിദു ഫെര്‍ണാണ്ടോ എന്നിവരാണ് ലങ്കന്‍ ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. മോഹിത് ജങ്ക്ര അഞ്ചും ആയുഷ് ബഡോനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ലങ്കയുടെ ഒരു വിക്കറ്റ്് വീഴ്ത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്നലെയും ഒരു വിക്കറ്റ് സ്വന്തമാക്കി. എന്നാല്‍ താരം ഒന്നാം ഇന്നിങ്‌സ് ബാറ്റിങില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

RELATED STORIES

Share it
Top