ഇന്ത്യ-വെസ്റ്റിന്‍ഡീസ്് ക്രിക്കറ്റ് മല്‍സരം പ്രതിസന്ധിയില്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബ് ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കേണ്ട ഇന്ത്യ-വെസ്റ്റീന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം പ്രതിസന്ധിയില്‍.
ടിക്കറ്റ്, പരസ്യവരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മല്‍സരം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ കെസിഎ പ്രത്യേക ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തു. വാടകയ്ക്ക് പുറമെ സ്‌റ്റേഡിയത്തിന് പുറത്തെ പരസ്യവരുമാനം തങ്ങളുടേതെന്നാണു സ്‌പോര്‍ട്‌സ് ഹബ്ബ് ഉടമകളായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് പറയുന്നത്. കോര്‍പറേറ്റ് ബോക്‌സ് ടിക്കറ്റുകളിലും സ്റ്റേഡിയം ഉടമകള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അന്യായമാണെന്നും അനുവദിക്കാനാവില്ലെന്നുമാണ് കെസിഎ നിലപാട്.
മല്‍സരത്തിന്റെ സംഘാടകര്‍ തങ്ങളാണെന്നും ടിക്കറ്റ്, പരസ്യം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അസോസിയേഷനാണെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു. മല്‍സരം നടക്കാത്ത സ്ഥിതിയുണ്ടായാല്‍ പോലും ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്നു കെസിഎ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു. വേണ്ടിവന്നാല്‍ മല്‍സരം മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
മല്‍സരം നടക്കാതെ പോയാല്‍ നാലരക്കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും കെസിഎ യോഗം വിലയിരുത്തി.
സ്റ്റേഡിയം ഉടമകളുമായി തുടര്‍ ചര്‍ച്ചകള്‍ക്കായി കെസിഎ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ നാലിനു തുടങ്ങുന്ന ഇന്ത്യ-വീന്‍ഡീസ് ടെസ്റ്റ്, എകദിന പരമ്പരയിലെ അഞ്ചാം ഏകദിന മല്‍സമാണ് കേരളത്തിനു ബിസിസിഐ അനുവദിച്ചിരിക്കുന്നത്. നേരത്തെ കൊച്ചിയില്‍ മല്‍സരം നടത്താനായിരുന്നു കെസിഎ അലോചിച്ചിരുന്നത്.
എന്നാല്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നതിനാലും ലോകകപ്പിനായി ഫിഫ നവീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ മികച്ച രീതിയിലുളള പ്രതലം പൊളിക്കേണ്ടി വരുന്നതിനാലും മല്‍സരം തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ തന്നെ നടത്താന്‍ കെസിഎ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ-വിന്‍ഡീസ് മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ഇതിനകം തുടങ്ങിയിട്ടുണ്ട്. ഇരുവരും തമ്മിലുളള ഭിന്നതയ്ക്ക് വരുംദിവസം അന്തിമ തീരുമാനമുണ്ടാവുമെന്നാണു വിവരം.

RELATED STORIES

Share it
Top