ഇന്ത്യ-യുഎഇ സൗഹൃദ ഉച്ചകോടി നിക്ഷേപത്തിന്റെ പുതിയ പാത തുറക്കും

ദുബയ്: അടുത്തമാസം ദുബയില്‍ നടക്കുന്ന ഇന്ത്യ-യുഎഇ സൗഹൃദ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മന്ത്രിമാരടക്കമുള്ള ഉന്നത പ്രതിനിധിസംഘങ്ങള്‍ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം അടുത്തമാസം 30ന് ദുബയ് അറ്റ്‌ലാന്റിസ് ഹോട്ടലിലാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളിലെയും വ്യാപാര സൗകര്യങ്ങളും അവസരങ്ങളും ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 2000 പേര്‍ പങ്കെടുക്കുമെന്ന് ഇന്ത്യ-യുഎഇ പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റ് (ഐയുപിഎസ്) സംഘാടകസമിതി ചെയര്‍മാന്‍ സുദേഷ് അഗര്‍വാള്‍ പറഞ്ഞു.
സമ്മേളനത്തില്‍ പ്രത്യേക വിഭാഗങ്ങളിലായി അസം, പോണ്ടിച്ചേരി, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും നിക്ഷേപവും വളര്‍ത്താനാണ് സമ്മേളനം ലക്ഷ്യംവയ്ക്കുന്നതെന്ന് ബിസിനസ് ലീഡേഴ്‌സ് ഫോറം സെക്രട്ടറി ജനറല്‍ ശ്രീപിയ കുമാരിയ വ്യക്തമാക്കി. ഉച്ചകോടിയില്‍ ഹൈഡ്രോകാര്‍ബണ്‍, വ്യോമയാനം, സമുദ്രകാര്യം, നവീകരണ ഊര്‍ജം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

RELATED STORIES

Share it
Top