ഇന്ത്യ / പാകിസ്താന്‍ ക്രിക്കറ്റ് കളിക്കില്ല : കായിക മന്ത്രിന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ആക്രമണം തുടരുന്നതിനിടെ, പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പര കളിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ആക്രമണം അവസാനിപ്പിക്കും വരെ പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പര കളിക്കുക അസാധ്യമായിരിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. ക്രിക്കറ്റും ആക്രമണവും ഒന്നിച്ച് പോവില്ലെന്നും പരമ്പരകളുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം എടുക്കുംമുമ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തമണെന്നും ഗോയല്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. കശ്മീരിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും പാകിസ്താന്‍ ആണ്. ഈ സാഹചര്യത്തില്‍ പാകിസ്താനുമായി ഒരു വിധത്തിലുള്ള സഹകരണവും സാധ്യമല്ല- ഗോയല്‍ അഭിപ്രായപ്പെട്ടു. ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡുമായി ദുബയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഐസിസി ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം അവസാനം നടക്കാനിരുന്ന പരമ്പരയും നടക്കില്ലെന്ന് ഉറപ്പായി. നേരത്തെ പരമ്പരയില്‍ നിന്ന് പിന്‍മാറിയതിന് ബിസിസിഐയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിസിബി ഐസിസിയില്‍ പരാതി നല്‍കിയിരുന്നു. ദുബയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബിസിസിഐയെ പ്രതിനിധീകരിച്ച് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും പിസിബിയെ പ്രതിനിധീകരിച്ച് ചെയര്‍മാര്‍ ഷഹരിയാര്‍ ഖാനുമാണ് പങ്കെടുക്കുക. 2012-13ലാണ് ഇരുരാജ്യങ്ങളും അവസാന പരമ്പര കളിച്ചത്. രണ്ട് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന് പരമ്പര 2-0ന് പാകിസ്താന്‍ സ്വന്തമാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ നാലിന് നടക്കും.

RELATED STORIES

Share it
Top