ഇന്ത്യ കേന്ദ്രീകരിച്ച് കോള്‍ സെന്റര്‍ തട്ടിപ്പ്; യുഎസില്‍ 20 പേര്‍ക്ക് തടവ്‌

ന്യൂയോര്‍ക്ക്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലൂടെ നടത്തിയ കോടികളുടെ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട 21 ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയില്‍ 20 വര്‍ഷം വരെ തടവ്. ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്‍മാരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത കുറ്റത്തിനാണ് ശിക്ഷ.
4 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവാണ് പലര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോള്‍ സെന്റര്‍ മേഖല ആസ്ഥാനമായി നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണിതെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. പ്രതികളില്‍ പലരെയും ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് നാടുകടത്തും.
അമേരിക്കയിലെ പ്രായമായവരെയും കുടിയേറ്റക്കാരെയും ലക്ഷ്യമിട്ടാണ് കോള്‍ സെന്ററുകള്‍ വഴി തട്ടിപ്പ് നടത്തിയത്. 2012നും 2016നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. അഹ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളില്‍ നിന്ന് ഇന്റേണല്‍ റവന്യൂ സര്‍വീസ്, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രന്റ്‌സ് സര്‍വീസ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍മാരെന്ന വ്യാജേനയാണ് ഇരകളെ വിളിച്ചിരുന്നത്.
ഡാറ്റാ ബ്രോക്കര്‍മാരില്‍ നിന്നും മറ്റും ലഭിച്ച വിവരങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. സര്‍ക്കാരില്‍ അടയ്ക്കാനുള്ള നിശ്ചിത തുക ഉടന്‍ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ രീതി.
പണം അടയ്ക്കാന്‍ സമ്മതിക്കുന്ന ഇരകളോട് ക്രഡിറ്റ് കാര്‍ഡ്, ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ എന്നിവ വഴി പണം അയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പണം അടച്ചുവെന്ന് ഉറപ്പായാല്‍ അമേരിക്കയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന വന്‍ ശൃംഖല ഉപയോഗപ്പെടുത്തി സങ്കീര്‍ണമായ ഇടപാടുകളിലൂടെ ഇത് വെളുപ്പിച്ചെടുക്കുകയാണ് ചെയ്തിരുന്നതെന്ന് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഇന്ത്യയിലുള്ള 32 പേരും ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ച് കോള്‍ സെന്ററുകളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരേ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
നേരത്തേ മറ്റ് മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെയും ഇതേ തട്ടിപ്പില്‍ ശിക്ഷ വിധിച്ചിരുന്നു.

RELATED STORIES

Share it
Top