ഇന്ത്യ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പ്; ബ്രസീല്‍ മാറക്കാനും

എംഎം സലാം
1950ലെ ബ്രസീല്‍ ലോകകപ്പ്. ഇന്ത്യക്ക് എന്നും നല്ല ഓര്‍മകള്‍ സമ്മാനിച്ച ലോകകപ്പാണിത്.
അത്തവണ മാത്രമാണ് ഇന്ത്യ ലോകകാല്‍പ്പന്ത് കളിയുടെ മഹാമേളയ്ക്ക് യോഗ്യത നേടിയിട്ടുള്ളത്. യോഗ്യതാമല്‍സരങ്ങള്‍ കളിച്ചിട്ടായിരുന്നില്ല അന്ന് ആ നേട്ടം കൈവരിച്ചത്. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ ബ്രസീലില്‍ നടന്ന ആ ലോകകപ്പില്‍ പ്രമുഖ ടീമുകള്‍ പിന്‍മാറിയതിനാലാണ് ഇന്ത്യക്കും ക്ഷണം ലഭിച്ചത്. അതേസമയം തലമുറകള്‍ മാറി വന്നിട്ടും കണ്ണീര് കൊണ്ടാണ് ബ്രസീലിയന്‍ ജനത മാറക്കാനയെന്ന പേര് ഉച്ചരിക്കുന്നത്. മാറക്കാന സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിലെ ആ ദുരന്തം കാല്‍പ്പന്തുകളി ജീവശ്വാസമാക്കിയ ആ ജനതയെ അത്രത്തോളം ബാധിച്ചിരിക്കുന്നു
1938ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന മൂന്നാം ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ശേഷം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട 1942 ലെയും 1946 ലെയും ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ രണ്ടാം ലോക മഹായുദ്ധം കാരണം നടന്നിരുന്നില്ല. ഏഷ്യയില്‍ നിന്ന് ഫിലിപ്പീന്‍സ്, ഇന്തോനീസ്യ, ബര്‍മ, ഇന്ത്യ, എന്നീ രാജ്യങ്ങള്‍ക്കായിരുന്നു യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മറ്റു മൂന്ന് രാജ്യങ്ങള്‍ വിട്ടുനിന്നതിനാല്‍ ഇന്ത്യ സ്വാഭാവികമായി ഫൈനല്‍ റൗണ്ട് കളിക്കാന്‍ യോഗ്യത നേടി. എന്നാല്‍ ഗ്രൂപ്പ് നിര്‍ണയങ്ങള്‍ നടന്നതിനു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യാത്രാ ചെലവിന്റെയും ടീം സെലക്ഷന്‍ പ്രശ്‌നങ്ങളുടെയും വേണ്ടത്ര പരിശീലനത്തിന് സമയം കിട്ടാത്തതിന്റെയും ഒക്കെ കാരണം പറഞ്ഞ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറി. കളിക്കാര്‍ക്ക് വേണ്ടത്ര ബൂട്ടുകള്‍ ഇല്ലാത്തതിനാല്‍ നഗ്‌ന പാദരായി കളിക്കാനുള്ള അനുവാദം ഫിഫ കൊടുക്കാത്തതുകൊണ്ടാണ് ഇന്ത്യ കളിക്കാതിരുന്നത് എന്നും ഫുട്‌ബോള്‍ ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്.
1950 ജൂലൈ 15. മാരക്കാന സ്റ്റേഡിയം കലാശപ്പോരാട്ടത്തിന് തയ്യാറെടുത്തുകഴിഞ്ഞു. അവസാന മല്‍സരത്തില്‍ സമനില ബ്രസീലിനെ ലോകനെറുകയിലെത്തിക്കുമായിരുന്നു. രണ്ടുലക്ഷത്തിലധികം പേരാണ് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത്. ഇന്നും ഒരു സ്റ്റേഡിയത്തിലും എത്തിച്ചേരാനാവാത്തത്ര ജനക്കൂട്ടം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 47ാം മിനിറ്റില്‍ ഫ്രിയാക്ക ബ്രസീലിനെ മുന്നിലെത്തിച്ചതോടെ ഗ്യാലറി ആര്‍ത്തിരമ്പി. 66ാം മിനിറ്റില്‍ ജുവാന്‍ ഷിയാഫിനോ ഉറുഗ്വേയെ ഒപ്പമെത്തിച്ചു. എങ്കിലും സമനില പ്രതീക്ഷയില്‍ സ്റ്റേഡിയം സാംബ താളത്തിലാര്‍ത്തു വിളിച്ചു. പക്ഷേ, 79ാം മിനിറ്റില്‍ ഗിഗിയ കാനറികളുടെ ചങ്ക് തകര്‍ത്തു.
ഗ്യാലറി നിശബ്ദമായി. കണ്ണീരും വിയര്‍പ്പും നെടുവീര്‍പ്പും കൊണ്ട് മാരക്കാന വിങ്ങി. 3 പേര്‍ ഹൃദയാഘാതം കൊണ്ട് മരിച്ചു. ഒരാള്‍ ആത്മഹത്യ ചെയ്തു.  ചങ്ക്‌പൊട്ടി കരഞ്ഞുകൊണ്ടാണ് 22 കളിക്കാരും അന്നു മൈതാനം വിട്ടത്.
ബ്രസീല്‍ ഫുട്‌ബോളല്ല രാജ്യത്തിന്റെ ആത്മാഭിമാനമാണ് തകര്‍ന്നതെന്നായിരുന്നു ബ്രസീല്‍ കായികമന്ത്രിയുടെ വാക്കുകള്‍. രണ്ട് ഗോള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍ ബാര്‍ബോസ ജീവിതാവസാനം വരെ ക്രൂശിക്കപ്പെട്ടു. ഒരു കുറ്റകൃത്യത്തിന് 30 വര്‍ഷത്തെ തടവാണ് ബ്രസീലിലെ പരമാവധി ശിക്ഷയെങ്കില്‍ 50 കൊല്ലം താനത് അനുഭവിച്ചെന്ന് അവസാന നാളുകളില്‍ വരെ ബാര്‍ബോസ കരഞ്ഞു പറഞ്ഞു.

RELATED STORIES

Share it
Top